തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് അപ്രതീക്ഷിത നീക്കം; കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു
തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു. കാലാവധി 2027 വരെ ഉള്ള സാഹചര്യത്തിലാണ് രാജി. ഇതോടെ കമ്മീഷന്‍ പാനലില്‍ ഒഴിവുകളുടെ എണ്ണം രണ്ടായി ഉയർന്നു.
മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാനലില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. ഈ ഒഴിവ് നികത്തിയിരുന്നില്ല. ഗോയല്‍ രാജിവച്ചതോടെ നിലവില്‍ പാനലില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ വിരമിച്ച ഉടനെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് അന്ന് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരിക്കെ 2022 നവംബർ 18-ന് വിരമിച്ച ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് നവംബർ 22നായിരുന്നു. ഇതു ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.