'രാമൻ v/s സീത;' തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്കൊപ്പമെത്താനുള്ള നിതീഷിന്റെ തന്ത്രങ്ങൾ
ഇന്ത്യ കാത്തിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിന് കാഹളം ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എല്ലാത്തവണത്തെയും പോലെ ഇത്തവണയും രാമക്ഷേത്രം തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ട്. കഴിഞ്ഞ തവണ വരെ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കില്‍ ഈ പ്രാവശ്യം രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ബിജെപി നയിക്കുന്ന എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമാണ് അടുത്ത വര്‍ഷം കാണാനിരിക്കുന്നത്. ഹിന്ദുത്വയ്ക്കെതിരെയുള്ള പോരാട്ടമായാണ് 'ഇന്ത്യ' മുന്നണി തിരഞ്ഞെടുപ്പിനെ കാണുന്നതെങ്കിലും മൃതുഹിന്ദുത്വയെന്ന് ആരോപണം നേരിടുന്ന പ്രഖ്യാപനത്തോടെ പ്രതിരോധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
സര്‍ക്കാര്‍ പദ്ധതിയായി 72 കോടി രൂപയാണ് സീതയുടെ ജന്മസ്ഥലമെന്ന് കണക്കാക്കപ്പെടുന്ന സീതാമര്‍ഹിയിലെ പുനൗര്‍ധം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്
നിലവില്‍ 'ഇന്ത്യ' മുന്നണിയുടെ പ്രധാന നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പദ്ധതിയായി 72 കോടി രൂപയാണ് സീതയുടെ ജന്മസ്ഥലമെന്ന് കണക്കാക്കപ്പെടുന്ന സീതാമര്‍ഹിയിലെ പുനൗര്‍ധം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അതും രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് ഒരു മാസം മുമ്പ്. ഇതോടെ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം രാമ-സീതാ ക്ഷേത്രമാകുമെന്നുറപ്പ്.
ബിഹാര്‍ സര്‍ക്കാരും സീതാമര്‍ഹിയും
രാമന്റെ ജന്മദേശമായി ഉത്തര്‍പ്രദേശിലെ അയോധ്യ കണക്കാക്കപ്പെടുന്നത് പോലെ സീതയുടെ ജന്മദേശമായി വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ബിഹാറിലെ സീതാമര്‍ഹി. ഇവിടം തീര്‍ത്ഥാടന കേന്ദ്രമാക്കാനാണ് നിതീഷ് കുമാറിന്റെ പദ്ധതി.
മേല്‍ക്കൂരയും ചെങ്കല്‍ത്തൂണുകളുമുള്ള ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്യാനുള്ള പാത (പരിക്രമ പാത്), സീതയുടെ പൂന്തോട്ടം (സീത വാടിക), ലവ് കുഷ് പൂന്തോട്ടം (ലവ് കുഷ് വാടിക), യോഗയ്ക്കുള്ള സ്ഥലം (ശാന്തി മണ്ഡപ്), ഭക്ഷണശാല, പാര്‍ക്കിങ് സ്ഥലം എന്നിവയാണ് പുനൗര്‍ധത്തിൻ്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. കൂടാതെ സീതയുടെ ജീവിതം പശ്ചാത്തലമാകുന്ന ഒരു ത്രീഡി ആനിമേഷന്‍ ചിത്രവും ഒരുങ്ങുന്നുണ്ട്.
നിതീഷ് കുമാറും ബിജെപിയും
എന്നാല്‍ നിതീഷിന്റെ ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് മൃദു ഹിന്ദുത്വം കളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 2022ല്‍ ബിജെപിയുമായുള്ള സഖ്യം വിട്ട നിതീഷ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിനൊപ്പം ചേരുകയും തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്ത ചരിത്രവും മുന്നിലുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ മാത്രമേ ബിജെപിക്ക് ശ്രദ്ധയുള്ളുവെന്നും സീതയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ ബിജെപി പരിഗണിക്കുന്നില്ലെന്നും ജെഡിയു ആരോപണം ഉന്നയിക്കുന്നതും ശ്രദ്ധേയമാണ്.
ഹിന്ദുത്വയും ബിഹാറും
രാഷ്ട്രീയപരമായി സോഷ്യലിസ്റ്റ് അനുകൂലമായി നില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. നിതീഷ് കുമാറിന്റെ ജാതി സെന്‍സസും ബീഹാര്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബാബരി പള്ളി പൊളിക്കപ്പെട്ടതിന് ശേഷം ബീഹാര്‍ ജനതയ്ക്ക് ബിജെപിയോടുള്ള അടുപ്പം ഇല്ലാതായിട്ടുണ്ടെന്നത് ചരിത്ര സാക്ഷ്യമാണ്. 1990ല്‍ ഒക്ടോബര്‍ 23ന് രഥയാത്രയ്ക്കിടയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വിപി സിങ്ങ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് മുഖേന എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്തിരുന്നു. രഥ യാത്ര ഉത്തര്‍പ്രദേശ് അതിര്‍ത്തി കടന്നുവെന്നതായിരുന്നു അറസ്റ്റിന്റെ കാരണം.
1992ല്‍ ബാബരി പൊളിക്കപ്പെട്ടതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മോശം പ്രകടനം മാത്രമേ ബീഹാറില്‍ കാഴ്ചവെക്കാന്‍ സാധിച്ചിരുന്നുള്ളു. അവിഭക്ത ബിഹാറില്‍ 324ല്‍ 41 സീറ്റ് മാത്രമാണ് അന്ന് ബിജെപിക്ക് നേടാന്‍ സാധിച്ചത്. ഒറ്റയ്ക്ക് മത്സരിച്ചപ്പോഴൊക്കെ ബിജെപി തോല്‍വി മാത്രമായിരുന്നു നേരിട്ടത്. എന്നാല്‍ 2015ലെ മോദി തരംഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 243ല്‍ 91 സീറ്റുകൾ ബിജെപി നേടുകയും ചെയ്തു.
'ഇന്ത്യ'യുടെയും ബിജെപിയുടെയും സീതാമര്‍ഹി
സീതയെ പരിഗണിക്കാതെ രാമനെ മാത്രമേ ബിജെപി സ്ഥാനം നല്‍കുന്നുവെന്നുള്ള പ്രചരണം ജെഡിയു മാത്രമല്ല, ഇന്ത്യ സഖ്യത്തിലും ഇടം പിടിച്ചിട്ടുണ്ട്. സീതയില്ലാതെ രാമന്‍ പൂര്‍ണമാകില്ലെന്നും സീതയൊന്നേയുള്ളു അതുകൊണ്ടാണ് തങ്ങള്‍ ജയ് സീയാരാം എന്ന് പറയുന്നതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചതും ശ്രദ്ധേയമായിരുന്നു.