ഇലക്ടറൽ ബോണ്ട്: പട്ടികയിൽ വിവിധ ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ട മുൻനിര കമ്പനികളും, ബോണ്ട് വാങ്ങിയത് റെയ്ഡിന് പിന്നാലെ
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ട മുൻനിര കമ്പനികളും. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയും (ഇഡി) ആദായനികുതി വകുപ്പിൻ്റെയും അന്വേഷണവും റെയ്ഡും നേരിട്ടതിന് പിന്നാലെ ചില കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായാണ് കണക്കാക്കുന്നത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മുൻനിരയിലുള്ള 30 കമ്പനികളിൽ 14 എണ്ണമെങ്കിലും ഇത്തരത്തിൽ അന്വേഷണം നേരിട്ടവരാണ്.
ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹൽദിയ എനർജി ലിമിറ്റഡ്, വേദാന്ത പ്രൈവറ്റ് ലിമിറ്റഡ്, യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡിഎൽഎഫ് കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ വൻകിട കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ്
2020 ഒക്‌ടോബർ 21 നും 2024 ജനുവരി 9 നും ഇടയിൽ 1,368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് ആണ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് വാങ്ങിയത്. 2019 ജൂലൈ 23 ന് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അഴിമതിയിൽ 120 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. അതിന് ഏതാനും മാസങ്ങൾക്ക് മുൻപ് കമ്പനിയുമായി ബന്ധപ്പെട്ട എഴുപതോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോൾ ലഭ്യമായ ഡാറ്റ അനുസരിച്ച്, ഈ നടപടിക്ക് ശേഷം കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
2019 ഒക്ടോബർ 21 നാണ് ഫ്യൂച്ചർ ഗെയിംസ് ആദ്യത്തെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്. 2022 ഏപ്രിൽ 2 ന് കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് നടത്തുകയും കമ്പനിയുടെയും അതിൻ്റെ വിവിധ സബ് ഡിസ്ട്രിബ്യൂട്ടർമാരുടെയും 409 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിനുശേഷം, 2022 ഏപ്രിൽ 7 ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഡാറ്റ പ്രകാരം, കമ്പനി ഏകദേശം 100 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. കോയമ്പത്തൂർ ആസ്ഥാനമായുള്ള ഫ്യൂച്ചർ ഗെയിമിങ് ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി കമ്പനികളിലൊന്നാണ്.
മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ഏറ്റവും ഉയർന്ന രണ്ടാമത്തെ ദാതാക്കളാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എഞ്ചിനീയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 2019 ഏപ്രിൽ 12 മുതൽ 2023 ഒക്ടോബർ 12 വരെ 980 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയത്. 2019 ഒക്ടോബർ 12 ന് ആദായനികുതി വകുപ്പ് ഗ്രൂപ്പിൻ്റെ ഹൈദരാബാദിലെ ഓഫീസുകളിൽ പരിശോധന നടത്തിയതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പംതന്നെ ഇലക്ടറൽ ബോണ്ട് നൽകിയതിന് തൊട്ടുപിന്നാലെ ചില സുപ്രധാന പദ്ധതികളുടെ ടെണ്ടർ കമ്പനി സ്വന്തമാക്കിയതായി കാണാം. മുംബൈയിൽ താനെ-ബോരിവാലി ഇരട്ട തുരങ്ക പദ്ധതി നിർമിക്കാൻ മെയ് മാസത്തിൽ മൊത്തം 14,400 കോടി രൂപയുടെ ടെണ്ടറും, പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ജൂണിൽ കമ്പനിയുടെ ഭാഗമായ ഐകോമിന് ലഭിച്ച 500 കോടി രൂപയുടെ ഓർഡറും ഇതിൽ പെടുന്നു. ഗ്രൂപ്പിൻ്റെ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡും ഇലക്ടറൽ ബോണ്ടുകളായി 220 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
മൂന്നും നാലും സ്ഥാനത്തുള്ളത് ക്വിക്ക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡും ഹല്‍ദിയ എനെര്‍ജി ലിമിറ്റഡുമാണ്.
ചെന്നൈ ഗ്രീൻവുഡ്സ്
105 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ആന്ധ്ര ആസ്ഥാനമായുള്ള രാംകി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ഗ്രീന്‍വുഡ്സ് വാങ്ങിയത്. 2021 ജൂലൈയിൽ ആദായ നികുതി അധികൃതർ രാംകിയിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ 2022 ജനുവരിയിൽ ഗ്രീൻവുഡ്സ് ആദ്യ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 2022 ഏപ്രിലിലും വീണ്ടും 2023-ലും കൂടുതൽ ബോണ്ടുകൾ വാങ്ങി.
2018ല്‍, ചില ചൈനീസ് പൗരന്മാര്‍ക്ക് നിയമങ്ങള്‍ വളച്ചൊടിച്ച് വിസ നല്‍കിയെന്ന കൈക്കൂലി കേസില്‍ വേദാന്ത ഗ്രൂപ്പിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്ന് ഇഡി അവകാശപ്പെട്ടിരുന്നു. കൂടാതെ 2022-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ വേദാന്ത ഗ്രൂപ്പും ബോണ്ടുകൾ വാങ്ങി.
ഓർബിന്ദോ ഫർമയുടെ മാനേജിങ് ഡയറക്ടർ 2022 നവംബർ 10 ന് അറസ്റിലായതിന് പിന്നാലെ അഞ്ച് ദിവസത്തിനുശേഷം കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഷിർദി സായി ഇലക്ട്രിക്കൽസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഐടി റെയ്ഡുണ്ടായി ദിവസങ്ങൾക്കുശേഷം ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി കാണാം.
ഡോ റെഡ്ഡീസ്, മൈക്രോ ലാബ്സ്, ഹീറോ മോട്ടോകോർപ് എന്നീ കമ്പനികളും ഇത്തരത്തിൽ ഐടി, ഇ ഡി റെയ്ഡുകൾക്ക് പിന്നാലെ ഇലക്ടറല്‍ ബോണ്ടുകൾ സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.