ആദ്യ വേട്ട വിജയകരമായി പൂര്‍ത്തിയാക്കി ഫ്രെഡ്ഡിയും എല്‍ട്ടണും
നമീബയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലെ ഇണകളായ ഫ്രെഡ്ഡിയും എല്‍ട്ടണും ആദ്യവേട്ട വിജയകരമായി പൂര്‍ത്തിയാക്കി. മാനിനെയായാണ് ഇരുവരും ചേര്‍ന്ന് വേട്ടയാടി ഭക്ഷണമാക്കിയത്. 24 മണിക്കൂറെടുത്താണ് പുതിയ സാഹചര്യത്തില്‍ ഇരുവരും വേട്ട പൂര്‍ത്തിയാക്കിയത്.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണത്തെ പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് സ്വയം വേട്ടയാടേണ്ടുന്ന വിധം കാട്ടിലേക്ക് മാറ്റിയത്. ചീറ്റകളുടെ പുതിയ വാസസ്ഥലത്തെ കുറിച്ചും അവ വേട്ടയാടുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
സെപ്റ്റംബര്‍ 17 മുതല്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരുന്ന ചീറ്റകളിലെ രണ്ടെണ്ണത്തിനെ നവംബര്‍ അഞ്ചിനാണ് കാട്ടിലേക്ക് വിട്ടത്. ഇനി ആറ് ചീറ്റകള്‍ കൂടി ക്വാറന്റൈനിലുണ്ട്. ഘട്ടംഘട്ടമായാകും ഇവയെ കാട്ടിലേക്ക് തുറന്നുവിടുക. പുതിയ ആവാസ വ്യവസ്ഥയെ ഫ്രെഡ്ഡിയും എല്‍ട്ടണും എങ്ങനെ നേരിടുമെന്ന് ഏതാനും ദിവസം കൂടി നിരീക്ഷിച്ച ശേഷമാകും മറ്റുള്ളവയെ കാട്ടിലേക്ക് തുറന്നുവിടുക. ചീറ്റകള്‍ക്ക് വേട്ടയാടുന്നതിനായി പുള്ളിമാനുകളെയാണ് എത്തിക്കുന്നത്.
ചീറ്റകളുടെ നിലനില്‍പ്പിന് കുനോ ദേശീയോദ്യാനത്തിലെ പുലികള്‍ ഭീഷണിയാകുമോയെന്ന ആശങ്ക വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വിദേശവനങ്ങളില്‍ പുലിയും ചീറ്റപുലികളും ഒരേവനത്തില്‍ കഴിയുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്വാറന്റൈന്‍ ചുറ്റുപാടിലുള്ള ചീറ്റകള്‍ക്ക് ഇപ്പോഴും എരുമ മാസം തന്നെയാണ് നല്‍കി വരുന്നത്.
'പ്രൊജക്ട് ചീറ്റ' പദ്ധതി വഴിയാണ് നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 2009ല്‍ തുടക്കമിട്ട പദ്ധതി പ്രകാരം ഏഴ് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് കൂട്ടത്തിലുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ ഇന്ത്യയിലെ വിവിധ നാഷണല്‍ പാര്‍ക്കുകളിലേക്ക് എത്തിക്കാനാണ് 'പൊജക്ട് ചീറ്റ' ലക്ഷ്യം വെയ്ക്കുന്നത്.