സഞ്ജയ് റാവത്ത്
സഞ്ജയ് റാവത്ത്

വസതിയില്‍ ഇഡി പരിശോധന; 'തെറ്റായ നടപടി', മരിച്ചാലും കീഴടങ്ങില്ലെന്ന് സഞ്ജയ് റാവുത്ത്

ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവുത്തിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി
Updated on
1 min read

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ശിവസേന വക്താവും എംപിയുമായ സഞ്ജയ് റാവുത്തിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. കിഴക്കന്‍ മുംബൈയിലെ റാവുത്തിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി- സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും റാവുത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി.

റാവുത്തിന്റെ വീട്ടിലെത്തിയ ഇഡി സംഘം അദ്ദേഹത്തെ ചോദ്യംചെയ്യുകയാണെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യസഭാ എം.പിയായ സഞ്ജയ് റാവുത്ത് പാര്‍ലമെന്റ് സമ്മേളനമടക്കം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ഗൊറേഗാവ് പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ക്രമക്കേടുണ്ടെന്നാണ് റാവുത്തിനെതിരായ ആരോപണം.

തനിക്കെതിരെ നടത്തുന്നതെന്ന് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു പരിശോധന വാര്‍ത്തകള്‍ക്ക് പിന്നാലെ റാവുത്ത് നടത്തിയ പ്രതികരണം. ''തെറ്റായ നടപടി, തെറ്റായ തെളിവുകള്‍... ഞാന്‍ ശിവസേന വിടില്ല... മരിച്ചാലും കീഴടങ്ങില്ല... ഒരു അഴിമതിയുമായി എനിക്ക് ബന്ധമില്ല. ശിവസേന തലവന്‍ ബാലാസാഹേബ് താക്കറെയുടെ പേരില് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഇത് പറയുന്നത്. ബാലാസാഹെബാണ് യുദ്ധം ചെയ്യാന്‍ പഠിപ്പിച്ചത്. ശിവസേനയ്ക്ക് വേണ്ടി പോരാടുന്നത് തുടരും.'' ഇഡി നടപടിക്ക് തൊട്ടു പിന്നാലെ റാവുത്ത് ട്വീറില്‍ കുറിച്ചു. അതിനിടെ ഇഡി പരിശോധനയ്ക്ക് പിന്നാലെ റാവുത്തിന്റെ വസതിക്ക് പുറത്ത് ശിവസേനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ചെയ്തു.

അതേസമയം, ഇഡിക്ക് മുമ്പാകെ ഹാജരാവാതെ ഒഴിഞ്ഞുമാറുന്ന സഞ്ജയ് റാവുത്തിന് ഭയമാണെന്ന് ബിജെപി ആരോപിച്ചു. നിരപരാധിയാണെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ എന്തിനാണ് ഭയപ്പെടുന്നത്? വാര്‍ത്താസമ്മേളനം നടത്താന്‍ അദ്ദേഹത്തിന് സമയമുണ്ട്, അന്വേഷണ ഏജന്‍സിയുടെ ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തിന് സമയമില്ലെന്നും ബിജെപി എംഎല്‍എ രാം കദം കുറ്റപ്പെടുത്തി..

പത്ര ചൗള്‍ കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് സഞ്ജയ് റാവുത്തിനെ ഇഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

പത്ര ചൗള്‍ കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് സഞ്ജയ് റാവത്തിനെ ഇഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഗോരെഗാവ് മേഖലയിലെ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണത്തില്‍ സഞ്ജയ് റാവുത്തിന്റെ അനുയായി പ്രവീണ്‍ റാവുത്ത് അറസ്റ്റിലാതോടെയാണ് അന്വേഷണം സഞ്ജയ് റാവുത്തിലേക്ക് തിരിഞ്ഞത്.

പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യയുടെ അക്കൗണ്ട് വഴി 55 ലക്ഷം രൂപ സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷയ്ക്ക് നല്‍കിയതായി പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സഞ്ജയ് റാവുത്തിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കായി ഹോട്ടലും ടിക്കറ്റും ബുക്ക് ചെയ്തതിലും ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിട്ടുണ്ടെന്നാണ് ഇഡി നിലപാട്.

logo
The Fourth
www.thefourthnews.in