സുപ്രീംകോടതി
സുപ്രീംകോടതി

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍: സുപ്രീംകോടതി ഇന്ന് വിധി പറയും

ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വെച്ചാല്‍ ലക്ഷകണക്കിന് ജീവനക്കാര്‍ക്കാണ് അത് നേട്ടമാകുക
Updated on
1 min read

പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള, ഡല്‍ഹി, രാജസ്ഥാന്‍ ഹൈക്കോടതികളുടെ വിധിക്കെതിരായ ഹര്‍ജികളിലാണ് കോടതി വിധി പറയുന്നത്. ഉയര്‍ന്ന പെന്‍ഷന് വഴിയൊരുക്കുന്ന ഹൈക്കോടതികളുടെ വിധിക്കെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ആറ് ദിവസത്തെ വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 11ന് പൂര്‍ത്തിയാക്കിയിരുന്നു. ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വെച്ചാല്‍ ലക്ഷകണക്കിന് ജീവനക്കാര്‍ക്കാണ് അത് നേട്ടമാകുക. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി 2014ലെ എംപ്ലോയ്മെന്റ് പെൻഷൻ സ്കീമീലെ കേന്ദ്ര ഭേദഗതി റദ്ദാക്കി 2018ല്‍ ഉത്തരവിട്ടിരുന്നു.

എംപ്ലോയ്‌മെന്റ് പെന്‍ഷന്‍ സ്‌കീമീല്‍ 2014ല്‍ കേന്ദ്രം വരുത്തിയ ഭേദഗതിയാണ് കേസിന് ആധാരം. പിഎഫില്‍ നിന്ന് പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാന ശമ്പളമായ 15,000 രൂപയുടെ മേല്‍പ്പരിധി നിശ്ചയിച്ചിരുന്നത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ 15,000 രൂപയിലേറെ ശമ്പളമുള്ളവര്‍ക്ക് യഥാര്‍ത്ഥ ശമ്പളത്തിന് ആനുപാതികമായ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ അവസരം കിട്ടി. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് സമയ പരിധി ഇല്ലെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു. വിരമിക്കുന്നതിന് മുന്‍പുള്ള അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കി പെന്‍ഷന്‍ കണക്കാക്കുന്ന കേന്ദ്ര നിയമഭേദഗതിയിലെ രീതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കിയാല്‍ പിഎഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കിയാല്‍ പിഎഫ് ഫണ്ട് ഇല്ലാതെയാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. പെന്‍ഷന്‍ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണെന്നും ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പെന്‍ഷന്‍ കണക്കാക്കുന്നതിന് അവസാന 12 മാസത്തിനു പകരം അവസാനത്തെ 60 മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയത് ശമ്പളക്കുറവ് പ്രതിഫലിക്കാതെയിരിക്കാനാണ്. പിഎഫ് ഫണ്ട് പദ്ധതിയിലും പെന്‍ഷന്‍ പദ്ധതിയിലും നിക്ഷേപം രണ്ടായി കാണണം, പിഎഫ് ഫണ്ട് ബാങ്കുകളുടെ നിക്ഷേപ സ്വഭാവമുള്ള സംവിധാനമാണ്. എന്നാല്‍ പെന്‍ഷന്‍ ഫണ്ട് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിയാണ്. പിഎഫ് ഫണ്ടിന്റെ പ്രവര്‍ത്തനം മോശമായ സാഹചര്യത്തിലായതിനാലാണ് ഭേദഗതി കൊണ്ടുവന്നതെന്നും 16 ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

logo
The Fourth
www.thefourthnews.in