പിഎഫ് പലിശ നിരക്ക് ഉയർത്തി; 8.15 ശതമാനം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ 2022-23 കാലയളവിലെ പലിശ നിരക്ക് വർധിപ്പിച്ചു. പിഎഫ് പലിശ നിരക്ക് 0.05 കൂട്ടി 8.15 ശതമാനമാക്കി. നാല് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കായ 8.1 ശതമാനം എന്ന നിലയിലേക്ക് 2022 മാർച്ചിൽ ഇപിഎഫ്ഒ പലിശ കുറച്ചിരുന്നു. 2020-21 കാലയളവിൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു നിരക്ക്.
'' പലിശ നിരക്ക് കുറഞ്ഞത് 8.55 ശതമാനമെങ്കിലുമായി വർധിപ്പിക്കാൻ ജീവനക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ 8.15 എന്ന നിരക്കുമായി മുന്നോട്ട് പോകാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു'', ഇപിഎഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അംഗം മൈക്കൽ ഡയസ് പറഞ്ഞു. ഇപിഎഫ്ഒയുടെ നിരക്ക് വർധന ആറ് കോടിയോളം ജീവനക്കാർക്ക് ഗുണകരമാകും. ഇതിൽ 72.73 ലക്ഷം ആളുകൾ 2022 സാമ്പത്തിക വർഷത്തിലുള്ള പെൻഷൻകാരായിരുന്നു.
ഉയർന്ന ശമ്പളവുമായി ബന്ധപ്പെട്ട പെൻഷൻ, 2023 സാമ്പത്തിക വർഷത്തെ പലിശ നിരക്ക്, വാർഷിക സാമ്പത്തിക എസ്റ്റിമേറ്റുകൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ചേർന്ന സിബിടി യോഗത്തിലാണ് നിരക്ക് വർധന സംബന്ധിച്ച തീരുമാനമായത്. ഇപിഎഫ്ഒയുടെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന പരമോന്നത സമിതിയാണ് സിബിടി.
കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് ആണ് സിബിടി ചെയർമാൻ. ജീവനക്കാർ, തൊഴിലുടമകൾ, കേന്ദ്ര സർക്കാർ, ചില സംസ്ഥാനങ്ങൾ എന്നിവയുടെ പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. സിബിടിയുടെ അന്തിമ തീരുമാനത്തിന് ശേഷം 2022-23 ലെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയയ്ക്കും. കേന്ദ്രത്തിൽ നിന്നുള്ള അംഗീകാരത്തിന് ശേഷം, 2022-23 ലെ ഇപിഎഫിന്റെ പലിശ നിരക്ക് ഇപിഎഫ്ഒയുടെ അഞ്ച് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.