ഗുരുതര അബദ്ധം, രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം; ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്രം

ഗുരുതര അബദ്ധം, രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം; ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്രം

ഭക്ഷ്യ സുരക്ഷയും ജനതയുടെ പോഷക ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന തരത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള സ്ഥിരമായ ശ്രമമെന്ന് കേന്ദ്രം
Updated on
1 min read

ഇന്ത്യയ്ക്ക് 107ാം റാങ്ക് നല്‍കിയ ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്ര സര്‍ക്കാര്‍. സൂചിക ഗുരുതര അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് കേന്ദ്രം ആരോപിച്ചു. പട്ടിണി കണക്കാക്കാന്‍ തെറ്റായ അളവുകോലാണ് ഉപയോഗിച്ചത്. പഠനത്തിന് ഉപയോഗിച്ച രീതിശാസ്ത്രത്തില്‍ (methodological) ഗുരുതരമായ നിരവധി പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും വനിതാ ശിശു ക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറെ പിന്നാക്കം പോയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പ്രതികരണം.

വർഷം തോറും പ്രസിദ്ധീകരിക്കുന്ന ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര തെറ്റായ വിവരങ്ങളാണെന്ന് തോന്നുന്നു

നിലവില്‍ പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ രീതിശാസ്ത്രമാണ് ഉപയോഗപ്പെടുത്തിയത്. സൂചിക കണക്കാക്കാന്‍ ഉപയോഗിക്കുന്ന നാല് സൂചകങ്ങളില്‍ മൂന്നെണ്ണം കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ളതാണ്. അത് മുഴുവന്‍ ജനസംഖ്യയേയും പ്രതിനിധീകരിക്കുന്നില്ല. 3000 വരുന്ന ചെറിയ സാമ്പിളിലെ അഭിപ്രായ വോട്ടെടുപ്പില്‍ നിന്നാണ് നാലാമത്തെയും ഏറ്റവും സുപ്രധാനവുമായ സൂചകം കണക്കാക്കിയത്. ഭക്ഷ്യ സുരക്ഷയും ജനതയുടെ പോഷക ആവശ്യകതകളും നിറവേറ്റാത്ത ഒരു രാഷ്ട്രമെന്ന തരത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള സ്ഥിരമായ ശ്രമമാണ് വീണ്ടും ദൃശ്യമാകുന്നത്. വർഷം തോറും പ്രസിദ്ധീകരിക്കുന്ന ആഗോള പട്ടിണി സൂചികയുടെ മുഖമുദ്ര തെറ്റായ വിവരങ്ങളാണെന്ന് തോന്നുന്നതായും പ്രസ്താവനയില്‍ പറയുന്നു.

ഐറിഷ് എയ്ഡ് ഏജൻസി കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല. നാല് ചോദ്യങ്ങള്‍ അടങ്ങിയ അഭിപ്രായ സര്‍വ്വേയാണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. സര്‍വ്വേ നടത്തിയത് ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയമായ രീതിയല്ലെന്നും കേന്ദ്രം ആരോപിച്ചു. ഭക്ഷ്യ ധാന്യ ലഭ്യത, ആളോഹരി, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികള്‍ ഇതിനായി സ്വീകരിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.

ഗുരുതര അബദ്ധം, രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം; ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്രം
ആഗോള പട്ടിണി സൂചികയിൽ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ ; പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ

പുതിയ സൂചികയില്‍ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 -ാം സ്ഥാനത്താണ്. 2021ൽ 116 രാജ്യങ്ങളിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള മുഴുവൻ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കും പിന്നിലായാണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാൾ മെച്ചമെന്നാണ് പട്ടിക വ്യക്തമാക്കുന്നത്.

ആഗോള പട്ടിണി സൂചികയില്‍ ഒന്നാം സ്ഥാനത്ത് ബെലാറുസ് ആണ്. ബോസ്‌നിയ, ചിലി എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ചൈന നാലാം സ്ഥാനത്തുമാണ്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ച മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത്. പട്ടിക പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in