കർണാടകയിൽ 19 റാലി, 6 റോഡ് ഷോ; പണ്ടേ പോലെ ഫലിക്കുന്നില്ല 'മോദി മാജിക്'
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായായിരിക്കും ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്രയും സജീവ സാന്നിധ്യമറിയിച്ച് പ്രധാനമന്ത്രി തന്നെ മുന്നിട്ടിറങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഒൻപത് തവണ കർണാടക സന്ദർശിച്ച മോദി, പ്രചാരണത്തിലും സാന്നിധ്യം സജീവമാക്കി.
40 ദിവസം നീണ്ട പ്രചാരണം അവസാനിച്ചപ്പോൾ ആറ് റോഡ് ഷോകളും 19 പ്രചാരണ റാലികളുമാണ് മോദിയുടെ നേതൃത്വത്തിൽ നടന്നത്. 16 റാലികളും 10 റോഡ് ഷോകളും നടത്തി ആഭ്യന്തരമന്ത്രി അമിത്ഷായും ഒപ്പമുണ്ടായിരുന്നു. എന്നാൽ പരിശ്രമങ്ങളെല്ലാം വിഫലമായെന്ന് വോട്ടെണ്ണൽ തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായി. കേവല ഭൂരിപക്ഷം പ്രവചിച്ച മിക്ക എക്സിറ്റ് പോളുകളെയും അപ്രസക്തമാക്കി 135 സീറ്റിൽ എത്തിനിൽക്കുകയാണ് കോൺഗ്രസ് നേട്ടം.
അധികാരത്തിലെത്തിയാൽ ബജ്രങ് ദളിനെ നിരോധിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം തുറപ്പുചീട്ടാക്കാനുള്ള ബി ജെ പി ശ്രമവും ഫലവത്തായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പിടിവള്ളിക്കുവേണ്ടിയുള്ള ശ്രമത്തിനിടെ വീണുകിട്ടിയ 'ബജ്‌റങ് ദൾ നിരോധനം' അവസരമാക്കാൻ ഹനുമാൻ ചാലീസ പാരായണം ക്യാമ്പയിൻ തന്നെ നടത്തി ബിജെപിയും സംഘപരിവാറും.
അവസാന ദിവസങ്ങളിൽ ബജ്‌റംഗ്ദളും ഹനുമാനും പ്രധാന പ്രചാരണ വിഷയമാക്കി ബിജെപി. നിശബ്ദ പ്രചാരണ ദിവസവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഹനുമാന്‍ ചാലീസ പാരായണത്തിന് സംഘപരിവാര്‍ ആഹ്വാനം ചെയ്തു. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് വിലക്കുകയായിരുന്നു. മോദിക്കെതിരെയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗ്ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശവും ബിജെപി വിനിയോഗിച്ചു.
എന്നാൽ വീണുകിട്ടിയ അവസരങ്ങളെല്ലാം വിനിയോഗിക്കാൻ ശ്രമിച്ചിട്ടും ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി പ്രതിച്ഛായയും മറികടക്കാൻ ബിജെപിക്ക് സാധിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.