അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിൽ ബഹളം; ഇരുസഭകളും രണ്ടാം ദിവസവും പിരിഞ്ഞു
അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും രണ്ടാം ദിവസവും സ്തംഭിച്ചു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിലെ ആരോപണങ്ങളെക്കുറിച്ച് ചർച്ചയ്‌ക്കോ അന്വേഷണത്തിനോ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചർച്ചയ്ക്കെടുക്കാനാകില്ലെന്ന് സഭാ അധ്യക്ഷന്മാർ വ്യക്തമാക്കിയതോടെ ഇരുസഭകളും പ്രതിഷേധത്തിൽ മുങ്ങി.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയോ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള സമിതിയോ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഉച്ചയ്‌ക്ക് രണ്ട് മണിവരെ സഭ ആദ്യം പിരിഞ്ഞു. എന്നാൽ വീണ്ടും ചേർന്നപ്പോൾ പ്രതിഷേധം തുടർന്നതോടെ വെള്ളിയാഴ്‌ച ചേരാനായി സഭ പിരിയുകയായിരുന്നു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചര്‍ച്ച നടക്കേണ്ട സമയമാണിതെന്നും സഭ തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ ഓംബിര്‍ള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബജറ്റ് സമ്മേളനത്തിനായി പാർലമെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീണ്ടും യോഗം ചേരും.
സഭ ചേരുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോകസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നാളെ വീണ്ടും സഭചേരുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടരും. അതേസമയം, എൽഐസിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഓഫീസുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിനെ ഫെബ്രുവരി 7 മുതൽ സുസ്ഥിര സൂചികകളിൽ നിന്ന് ഒഴിവാക്കുമെന്ന് യു എസ് ഓഹരി സൂചികയായ ഡൗ ജോൺസ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് എസ് ആന്റ് പി ഡൗ ജോൺസിന്റെ പ്രഖ്യാപനം. മാധ്യമങ്ങളുടെയും ഓഹരി ഉടമകളുടെയും വിശകലനത്തെ തുടർന്നാണ് അദാനി എന്റർപ്രൈസസിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് എസ് ആന്റ് പി ഡൗ ജോൺസ് ഇൻഡക്സസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി തകർച്ച തുടരുന്നതിനിടെയാണ് എസ് ആന്റ് പി ഡൗ ജോൺസ് സൂചികകളുടെ പ്രഖ്യാപനം വന്നത്. പ്രഖ്യാപനത്തോടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരികൾ 15 ശതമാനം കൂപ്പുകുത്തി.
അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കുന്നവരാണ് എസ് ആന്റ് പി ഡൗ ജോൺസ്. യുഎസ് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുളള മികച്ച 10 ശതമാനം കമ്പനികളെയാണ് സുസ്ഥിര സൂചികകളിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇതിൽ നിന്നാണ് അദാനി ഗ്രൂപ്പ് പുറത്താകുന്നത്.