'ഭരണഘടന നല്‍കുന്ന അവകാശം'; പ്രസവത്തിനായി തടവുകാരിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
മാതൃത്വത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസ്സ് ഓരോ ഗര്‍ഭിണിയും അര്‍ഹിക്കുന്നുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം എന്നീ കേസുകളില്‍ പ്രതിയായ ഗര്‍ഭിണിക്ക് മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തടവറയ്ക്കുള്ളില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ടി വരിക എന്നത് മാതാവിന് ഉണ്ടാക്കിയേക്കാവുന്നു ആഘാതം കാണാതിരിക്കാനാവില്ല. കുഞ്ഞിന്റെ ആരോഗ്യത്തെയും ഈ അവസ്ഥ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഉത്തരവില്‍ ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ട ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയുടെയും ഗര്‍ഭധാരണം അംഗീകാരത്തിന്റെ കൂടി സമയമാണ്. കസ്റ്റഡിയിലിരിക്കുമ്പോള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നു ഒന്നായി മാറും. കുഞ്ഞിന്റെ ജനനത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പ്രതികൂല സ്വാധീനം സൃഷ്ടിക്കും. ഓരോ ഗര്‍ഭിണിയായ സ്ത്രീയും മാതൃത്വ കാലത്ത് ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് അര്‍ഹരാണ് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന് അര്‍ഹരാണ്
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ ഓരോ ഗര്‍ഭിണിയും ജനിക്കാനിരിക്കുന്ന കുഞ്ഞും ഉള്‍പ്പെടുന്നു. മെച്ചപ്പെട്ട സാഹചര്യത്തില്‍ പ്രസവിക്കാനുളള അവകാശം സ്ത്രീകള്‍ക്കുമുണ്ട്. എന്നാല്‍ ആറ് വയസ്സിന് താഴെയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും അസുഖ ബാധിതര്‍ക്കും മാത്രമാണ് ഈ നിയമം ബാധകമാവുകയുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ബന്ധപ്പെട്ട ജയിലില്‍ സൗകര്യമില്ലാത്തതിനാല്‍ ഹര്‍ജിക്കാരിയെ പ്രസവത്തിനായി ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് പുറമെ പ്രസവത്തിനായി ഇടക്കാല ജാമ്യം അനുവദിക്കുന്നതിനായി ഹര്‍ജിക്കാരി 20,000 രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടു.
അതിനിടെ, പ്രസവത്തിനായി ആറുമാസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ യുവതിയുടെ ജീവന്റെ സുരക്ഷാപ്രശ്‌നം പരിഗണിച്ച് മൂന്ന് മാസം ജാമ്യം അനുവദിക്കുകയായിരുന്നു.