ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിൽ ബെംഗളൂരുവിൽ ഐടി കമ്പനി സിഇഒയെയും എംഡിയെയും മുൻ ജീവനക്കാരൻ കുത്തിക്കൊന്നു. ഉത്തര ബെംഗളൂരുവിലെ അമൃതഹള്ളിയിലാണ് സംഭവം. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനു കുമാർ മലയാളിയാണ്. ഈ കമ്പനിയിലെ തന്നെ മുൻ ജീവനക്കാരൻ ഫെലിക്സ് ആണ് ഇരുവരെയും കുത്തി വീഴ്ത്തിയത്.
എയറോണിക്‌സിലെ ജോലി ഉപേക്ഷിച്ച് ഫെലിക്സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു. എന്നാൽ ഫണീന്ദ്രയും വിനു കുമാറും നടത്തുന്ന മാതൃകമ്പനിയെ ഇയാൾ തന്റെ ബിസിനസ് എതിരാളിയായി കണ്ട് അവരെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇരുവരെയും കൊല്ലാനുള്ള തീരുമാനമെടുത്ത ഫെലിക്സ് തക്കം പാർത്തിരിക്കുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് മറ്റ് രണ്ട് പേർക്കൊപ്പം കമ്പനിയിലേക്ക് വന്ന ഫെലിക്‌സ് വടിവാളും കത്തിയും ഉപയോഗിച്ച് ഫണീന്ദ്രനെയും വിനു കുമാറിനെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഫെലിക്സ് അടക്കം മൂന്ന് പേരും കെട്ടിടത്തിന് പിന്നിലെ വളപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഫെലിക്സിന്റെ കൂട്ടാളികളെ സംബന്ധിച്ച് പോലീസിന് വിവരമില്ല. ഇവർ വാടക കൊലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഓഫീസിനകത്തും പുറത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.