സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റില്‍; ബിജെപി സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നത് എന്തുകൊണ്ട്?
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് വീണ്ടും അറസ്റ്റിലായിരിക്കുന്നു. 2002 ഗുജറാത്ത് കലാപ കേസില്‍ വ്യാജ തെളിവുകള്‍ ചമച്ചെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണസംഘം സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ ജയിലില്‍, തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്, ട്രാന്‍സ്ഫര്‍ വാറന്റിലൂടെയാണ് എസ്‌ഐടി രേഖപ്പെടുത്തിയത്.
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിനും പിന്നാലെയാണ് കേസില്‍ സഞ്ജീവ് ഭട്ടും അറസ്റ്റിലാകുന്നത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കുറ്റം, വ്യാജ തെളിവുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരെ അന്വേഷണ സംഘം ചുമത്തിയിട്ടുള്ളത്. ഗോധ്ര അന്വേഷണ കമ്മീഷനും പ്രത്യേക അന്വേഷണ സംഘത്തിനും മുമ്പാകെ, വയര്‍ലെസ് അലെര്‍ട്ട് മെസേജ് ഉള്‍പ്പെടെ വ്യാജരേഖകള്‍ ഭട്ട് സമര്‍പ്പിച്ചെന്നാണ് ഗുജറാത്ത് പോലീസിന്‍റെ ആരോപണം. കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീംകോടതി ശരിവച്ചതോടെയാണ് കേസില്‍ ഇടപെട്ടവര്‍ക്കെതിരായ അറസ്റ്റ് നടപടികള്‍. സഞ്ജീവ് ഭട്ടിനെ മോദിയും ബിജെപി സര്‍ക്കാരും തുടര്‍ച്ചയായി വേട്ടയാടുകയാണെന്നത് പകല്‍പോലെ വ്യക്തം.
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിനും പിന്നാലെയാണ് കേസില്‍ സഞ്ജീവ് ഭട്ടും അറസ്റ്റിലാകുന്നത്.
എന്തുകൊണ്ട് സഞ്ജീവ് ഭട്ട്?
മുംബൈ ഐഐടിയില്‍ നിന്നും എം.ടെക് ബിരുദം നേടിയ ഭട്ട് 1988ലാണ് ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തുന്നത്. ഗുജറാത്ത് കേഡറിലായിരുന്നു ആദ്യ നിയമനം. എന്നാല്‍, മോദി സർക്കാരിന്റെ എക്കാലത്തെയും കടുത്ത വിമർശകന്‍ എന്ന പേരിലാണ് രാജ്യം ഭട്ടിനെ ശ്രദ്ധിക്കുന്നത്. ഗുജറാത്ത് വംശഹത്യ, മുഖ്യമന്ത്രിയായിരുന്ന മോദി അറിഞ്ഞുകൊണ്ടാണെന്ന പരാമര്‍ശത്തോടെയാണ് സഞ്ജീവ് ഭട്ട് ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും ശത്രുവായത്. വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ലോകത്തോട് തുറന്നുപറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ, മോദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറി.
2011ലാണ് ഭട്ട് മോദിക്കും ബിജെപിക്കും എതിരെ പരസ്യമായി രംഗത്തുവന്നത്. 2011 ഏപ്രില്‍ 14ന്, രാജ്യത്തെ നടുക്കിയ 2002ലെ ഗോധ്ര തീവയ്പ്പിലും തുടര്‍ന്നുണ്ടായ ഗുജറാത്ത് വംശഹത്യയിലും മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന്, മോദിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ 2011 ഓഗസ്റ്റിൽ ഭട്ടിനെ സസ്‌പെൻഡ് ചെയ്തു. അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്തതും, ഡിപ്പാർട്ട്‌മെന്റ് പാനലിന് മുന്നിൽ ഹാജരാകാത്തതും, ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്‌തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
2013ൽ സംസ്ഥാന സർക്കാർ ഭട്ടിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുമ്പാകെ റിപ്പോർട്ട് നൽകി. അതേത്തുടർന്ന് 2015 ഓഗസ്റ്റ് 19ന് ഭട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അപ്പോഴും, സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം മോദി ഭരണകൂടത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരുന്നു.
ഹിന്ദുക്കളെ അവരുടെ രോഷം തീര്‍ക്കാന്‍ അനുവദിക്കണ’മെന്നും മുസ്ലിങ്ങളെ ‘പാഠം പഠിപ്പിക്കണ’മെന്നും മോദി യോഗത്തില്‍ ആവശ്യപ്പെട്ടു എന്ന ഭട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനത ഞെട്ടലോടെയാണ് കേട്ടത്.
കലാപവും ഭട്ടിന്റെ നിലപാടും
ഗുജറാത്ത് വംശഹത്യ നടക്കുന്ന കാലയളവില്‍, ഭട്ടിന് സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുരക്ഷാ ചുമതലകളുമാണ് ഉണ്ടായിരുന്നത്. കലാപത്തിനു പിന്നാലെ, മുഖ്യമന്ത്രി മോദി സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആ യോഗത്തിൽ, വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാതിരിക്കാന്‍ മോദി നിര്‍ദേശിച്ചു എന്നായിരുന്നു ഭട്ടിന്‍റെ വെളിപ്പെടുത്തല്‍. ഹിന്ദുക്കളെ അവരുടെ രോഷം തീര്‍ക്കാന്‍ അനുവദിക്കണ’മെന്നും മുസ്ലിങ്ങളെ ‘പാഠം പഠിപ്പിക്കണ’മെന്നും മോദി യോഗത്തില്‍ ആവശ്യപ്പെട്ടു എന്ന ഭട്ടിന്റെ വെളിപ്പെടുത്തൽ ഇന്ത്യൻ ജനത ഞെട്ടലോടെയാണ് കേട്ടത്. മാത്രമല്ല, തീവയ്പ്പില്‍ മരിച്ച തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും എത്തിച്ച് വംശീയകലാപങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ബിജെപിയും വിശ്വഹിന്ദു പരിഷത്തും ഉള്‍പ്പെടെ സംഘടനകളുടെ നീക്കമെന്നും ഭട്ട് ലോകത്തോട് വിളിച്ചു പറഞ്ഞു. 2009ല്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുന്നിലും ഭട്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി.
എന്നാൽ, ഗോധ്ര തീവയ്പ്പ് നടന്ന ദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഭട്ട് പങ്കെടുത്തിന് തെളിവില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. സത്യവാങ്മൂലത്തില്‍ ഒപ്പുവച്ച കോണ്‍സ്റ്റബിള്‍ കെ.ഡി പന്ത് മൊഴിമാറ്റിയതും കേസിൽ ഭട്ടിന് തിരിച്ചടിയായി.
ഭട്ടിനെതിരായ ഭരണകൂടനീക്കം
2018 സെപ്തംബര്‍ അഞ്ചിനാണ് ഭട്ട് ആദ്യം അറസ്റ്റിലാകുന്നത്. 1996ലെ മയക്കുമരുന്ന് കേസിലായിരുന്നു ഇത്. 2019ല്‍ 30 വര്‍ഷം പഴക്കമുള്ള കസ്റ്റഡി മരണ കേസില്‍ ഭട്ടിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 1990ല്‍, ജാംനഗര്‍ അഡീഷണല്‍ സൂപ്രണ്ടായിരിക്കെ, ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്ന യുവാവിന്റെ മരണം കസ്റ്റഡി പീഡനത്തെ തുടര്‍ന്നായിരുന്നു എന്നതാണ് ഈ കേസ്. അദ്വാനിയുടെ രഥയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വര്‍ഗീയ കലാപത്തില്‍ അറസ്റ്റിലായ നൂറിലേറെ പേരില്‍ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്ണവി. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 10 ദിവസത്തിനു ശേഷമാണ് യുവാവ് മരിച്ചതെങ്കിലും കസ്റ്റഡി പീഡനമാണ് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.
എന്നാൽ ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചു. 1995ല്‍ കേസിൽ റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ 2002-ലെ വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് നാനാവതി, മേത്ത കമ്മീഷനുകള്‍ക്കു മുമ്പിൽ മൊഴി നൽകിയതിനെത്തുടർന്ന്, ഭട്ടിന് നൽകിയിരുന്ന നിയമപരമായ സംരക്ഷണം സംസ്ഥാന സർക്കാർ പിൻവലിച്ചു. പിന്നാലെ, ജാംനഗർ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തി.
ജാംനഗർ കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഭട്ട് ഗുജറാത്ത് ഹൈക്കോടതിക്ക് മുമ്പാകെ ജാമ്യത്തിനും, ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019 സെപ്റ്റംബറിൽ കോടതി അത് തളളി. കേസില്‍ മൂന്നര വർഷമായി പാലൻപൂർ ജയിലിൽ തടവിലാണ് ഭട്ട്. 1996ലെ മയക്കുമരുന്ന് കേസിലും വിചാരണ നേരിടുന്നുണ്ട്.
2021 ഒക്ടോബറിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഭാഗികമായി അനുവദിച്ചത് ഭട്ടിന് ആശ്വാസമായിരുന്നു. കേസില്‍ ഒമ്പത് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അതിനിടെയാണ് എസ്ഐടി ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോദി-അമിത് ഷാ കൂട്ടുകെട്ടിനും ബിജെപി സര്‍ക്കാരിന്‍റെ വര്‍ഗീയ, ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശബ്ദിച്ചിരുന്ന ആളായിരുന്നു ഭട്ട്. നേതൃത്വത്തെ അലോസരപ്പെടുത്തുന്ന അത്തരം പ്രതികരണങ്ങള്‍ക്കാണ് ബിജെപി സര്‍ക്കാര്‍ പൂട്ടിട്ടുകൊണ്ടിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട ഭട്ട്, ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ തന്നെയാണ് പുതിയ കേസുകളില്‍ പ്രതിയാക്കപ്പെടുന്നത്. എന്നാല്‍ അതിനൊന്നിനും അദ്ദേഹത്തെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ജയിലിലായതിനുശേഷം ഭട്ടിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നോക്കുന്നത് ഭാര്യ ശ്വേത ഭട്ട് പറഞ്ഞതുപോലെ, 'തളരാതെ, തോല്‍ക്കാതെ, ആര്‍ക്കുമുന്നിലും അടിയറവയ്ക്കാത്ത ആത്മവീര്യത്തോടെ അദ്ദേഹം വര്‍ഗീയയതക്കെതിരായ പോരാട്ടം തുടരും'.