രാഹുലിനൊപ്പം നടന്ന് രഘുറാം രാജന്‍; ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

രാഹുലിനൊപ്പം നടന്ന് രഘുറാം രാജന്‍; ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

രഘുറാം രാജൻ അടുത്ത മൻമോഹൻ സിങ്ങായി സ്വയം വിഭാവനം ചെയ്യുകയാണെന്ന് ബിജെപി
Updated on
1 min read

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജസ്ഥാനിലെ സവായി മഥോപൂരില്‍ നിന്ന് യാത്ര പുനരാരംഭിച്ചപ്പോഴാണ് രഘുറാം രാജന്‍ ഭാരത് ജോഡോയുടെ ഭാഗമായത്. രാഹുലിനും സച്ചിന്‍ പൈലറ്റിനുമൊപ്പം രഘുറാം രാജന്‍ യാത്രയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

'വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പോരാടാനായി മുന്നോട്ട് വരുന്ന ആളുകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നു. നമ്മള്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്', രാഹുലിന്റെയും രഘുറാം രാജന്റെയും ചിത്രം പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രഘുറാം രാജൻ അടുത്ത മൻമോഹൻ സിങ്ങായി സ്വയം വിഭാവനം ചെയ്യുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ അവസരവാദപരമാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ വിമര്‍ശിച്ചു.

രാഹുലിനൊപ്പം നടന്ന് രഘുറാം രാജന്‍; ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
ഭാരത് ജോഡോ യാത്രയില്‍ മേധാ പട്കര്‍; രാഹുലിനെ പരിഹസിച്ചും വിമര്‍ശിച്ചും മോദി

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയയാളാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജൻ. നോട്ട് നിരോധനം ദീര്‍ഘകാല ലാഭമായിരിക്കില്ല തിരിച്ചടിക്കുകയാകും ചെയ്യുകയെന്ന് അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിലും അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരുന്നു.

അടുത്തമാസം റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. തുടക്കം മുതൽ തന്നെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രശസ്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര. ഈയടുത്ത് ആക്ടിവിസ്റ്റ് മേധാ പട്കർ, ബോളിവുഡ് നടി സ്വര ഭാസ്‌കർ, ബോക്‌സർ വിജേന്ദർ സിംഗ് എന്നിവർ യാത്രയിൽ പങ്കെടുത്തിരുന്നു. നേരത്തെ സിനിമാ താരങ്ങളായ സന്ധ്യ ഗോഖലെ, പൂജ ഭട്ട്, റിയ സെന്‍, അമോല്‍ പലേക്കർ, രശ്മി ദേശായി, അകാന്‍ഷ പുരി തുടങ്ങിയവരും യാത്രയുടെ ഭാഗമായിരുന്നു. ഹോളിവുഡ് താരം ജോൺ കുസാക്കും ട്വിറ്ററിൽ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കിയിരുന്നു. തുടർന്ന് തിങ്കളാഴ്ചയാണ് യാത്ര പുനരാരംഭിച്ചത്.

logo
The Fourth
www.thefourthnews.in