പതിനഞ്ചു വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റിനും രജിസ്‌ട്രേഷനും അമിത ഫീസ്; വിശദീകരണം തേടി ഹൈക്കോടതി
പതിനഞ്ചു വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റിനും രജിസ്‌ട്രേഷന്‍ പുതുക്കാനും അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി ഹൈക്കോടതി. അമിത ഫീസാണ് ഈടാക്കുന്നതെന്നാരോപിച്ച് കോഴിക്കോട് വടകരയിലെ മോട്ടോര്‍ വെഹിക്കിള്‍ ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് ഫെഡറേഷനടക്കം നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഇടക്കാല ഉത്തരവ്.
2022 ഏപ്രിലിലാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ആര്‍സി പുതുക്കല്‍ നിരക്ക് ഇരട്ടി വരെയായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. സ്‌ക്രാപ്പിങ് പോളിസിയുടെ ഭാഗമായാണ് ഇത്തരത്തില്‍ നിരക്ക് കുത്തനെ കൂട്ടിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്രവും സംസ്ഥാനവും ഫീസ് വര്‍ധിപ്പിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയതാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജികള്‍ ഒക്ടോബര്‍ 18 ന് വീണ്ടും പരിഗണിക്കും. അതുവരെ ഹര്‍ജിക്കാരില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി.