ഗേറ്റിന് പുറത്തെ സുരക്ഷ
ഗേറ്റിന് പുറത്തെ സുരക്ഷ

ബിബിസി ഡോക്യുമെന്ററി പ്രദർശനം; ജാമിയ മിലിയയില്‍ സംഘർഷം, പ്രദര്‍ശനം മാറ്റിവെച്ചതായി എസ്എഫ്ഐ

സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു
Published on

ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവെച്ചതായി എസ്എഫ്ഐ. ഇന്ന് ആറ് മണിക്കായിരുന്നു പ്രദർശനം തീരുമാനിച്ചിരുന്നത്. ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് പ്രദര്‍ശനം മാറ്റിവെച്ചത്. ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി ഇടത് വിദ്യാർഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു. 

കരുതല്‍ തടങ്കലിലുള്ള നേതാക്കളെ വിട്ടുകിട്ടണമെന്നും പ്രദര്‍ശനം അനുവദിക്കണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യങ്ങള്‍ നിരസിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തു. തുടർന്ന് വലിയ പോലീസ് സന്നാഹം സ്ഥലത്തെത്തുകയായിരുന്നു. വിദ്യാര്‍ഥി നേതാക്കളെ കസ്റ്റഡിയിലെുത്ത സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. കൂടാതെ സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റും നിരോധിച്ചു.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥിതി സംഘര്‍ഷഭരിതമാകുകയായിരുന്നു. എസ്എഫ്ഐ, എന്‍എസ്‌യു പ്രവര്‍ത്തകര്‍ ഏഴാം നമ്പര്‍ ഗേറ്റിനുമുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പോലീസിനോടൊപ്പം അര്‍ദ്ധസൈനിക വിഭാഗത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ ഗേറ്റുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ എല്ലാ ഗേറ്റുകളിലും പ്രതിഷേധിച്ചു. ഇതോടെ സര്‍വകലാശാലയില്‍ കൂട്ടം ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ്, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കുകയും ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in