ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?

ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും ബോധ്യമാകുന്നത് മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ്
Updated on
2 min read

2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന അഞ്ച് സംസ്ഥാന അസ്സംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നത്തെ തെലങ്കാന തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചിരിക്കുന്നു. തെലങ്കാനയിലെ അവസാന റൗണ്ട് വോട്ടിങ്ങ് പൂര്‍ണമായതോടെ തിരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് എക്‌സിറ്റ് പോള്‍ ഫലംകൂടി വന്നതോടെ സാധ്യത ചർച്ചകൾ പുതിയ ദിശയിലേക്ക് കടക്കുകയാണ്.

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ മിസോറാമിലും ഗോത്ര സമുദായങ്ങളാണ് രാഷ്ട്രീയഗതി നിര്‍ണയിക്കുന്നത്. മിസോറാമില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ശൈശവത്തില്‍ നില്‍ക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റി (സെഡ് പിഎം) (ZPM)നാണ് ഇത്തവണ മുന്‍തൂക്കം. കഴിഞ്ഞ തവണ 26 സീറ്റ് നേടിയ മിസോ നാഷണല്‍ ഫ്രണ്ട് സോറം താംഗയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അന്ന് എട്ട് സീറ്റ് മാത്രം നേടിയ സോറം പീപ്പിള്‍സ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്ന് എക്സിറ്റ്പോൾ പ്രവചിക്കുന്നു.

നാല് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയത് അഞ്ച് സീറ്റ് മാത്രമാണ്. നിലവില്‍ 40 നിയോജക മണ്ഡലങ്ങളാണ് മിസോറാമിലുള്ളത്. ഇതില്‍ 339 എണ്ണവും പട്ടികജാതി പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. 21 സീറ്റാണ് കേലവ ഭൂരിപക്ഷത്തിന് ആവശ്യം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇന്ത്യ ടിവി-സിഎന്‍എക്‌സ്: എംഎന്‍എഫ് 14-18, സെഡ് പിഎം 12-16, കോണ്‍ഗ്രസ് 8-12, ബിജെപി 0-2. ന്യൂസ്18: എംഎന്‍എഫ് 10-14, സെഡ് പിഎം 15-25, കോണ്‍ഗ്രസ് 5-9, ബിജെപി 0-2. ഭാരത് 24: എംഎന്‍എഫ് 14-18, സെഡ് പിഎം 12-16, കോണ്‍ഗ്രസ് 8-16, ബിജെപി 0-2. എബിപി-സി വോട്ടർ: എംഎന്‍എഫ് 15-21, സെഡ് പിഎം 12-18, കോണ്‍ഗ്രസ് 2-8, ബിജെപി 0.

80.66 ശതമാനം വോട്ടുകളാണ് ഇത്തവണ മിസോറാമില്‍ പോൾ ചെയ്യപ്പെട്ടത്. ഇതിൽ ഭൂരിപക്ഷം സ്ത്രീകളാണ്. അതുകൊണ്ടു തന്നെ ഇത്തവണ ആര് ഭരിക്കുമെന്ന് സ്ത്രീകളാവും തീരുമാനിക്കുക. 81.25 ശതമാനം സ്ത്രീകളും 80.04 ശതമാനം പുരുഷന്മാരുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.

ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?
മിസോറാം: ആണധികാരത്തിന് എതിരാകുമോ ജനവിധി?

ഉയര്‍ന്നുവരുന്ന സെഡ് പിഎം

സോറം നാഷണല്‍ പാര്‍ട്ടി, മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സോറം എക്‌സോഡസ് കോണ്‍ഫറന്‍സ്, സോറം റിഫോര്‍മേഷന്‍ ഫ്രണ്ട്, മിസോറാം പീപ്പിള്‍സ് പാര്‍ട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് 2017ല്‍ സെഡ് പി എം രൂപീകരിക്കുന്നത്. ഇതില്‍ നിന്നും പിന്നീട് സോറം നാഷണല്‍ പാര്‍ട്ടി പിരിഞ്ഞുപോയിരുന്നു. 2018ല്‍ സെഡ് പിഎം മത്സരരംഗത്തേക്കും കടന്നു വന്നു. എന്നാല്‍ അന്ന് ഐസ്വാള്‍ മേഖലയില്‍ മാത്രമാണ് സെഡ് പി എമ്മിന് സ്വാധീനം ചെലുത്താന്‍ സാധിച്ചത്. ഈ വര്‍ഷം 29ന് ലംഗ്ലയ് മുന്‍സിപ്പല്‍ കൗണ്‍സിലിലെ പതിനൊന്ന് വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും പിടിച്ചെടുത്ത് സെഡ് പി എം അതിശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

1987ല്‍ മിസോറാം സംസ്ഥാനം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസ്, എംഎന്‍എഫ് മുന്നണികളാണ് മാറിമാറി ഭരിച്ചത്. അന്ന് മത്സരം കോണ്‍ഗ്രസും എംഎന്‍എഫും തമ്മിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുവരെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സെഡ് പി എം വളര്‍ന്നുവരികയാണ്. എംഎന്‍എഫിന്റെ പ്രധാന എതിരാളിയായി സെഡ് പി എം പതുക്കെ മാറി.

ഈ തിരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളിലും പുതുമുഖങ്ങളെയാണ് സെഡ് പിഎം സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയത്. കോണ്‍ഗ്രസും ഇതേ രീതി തന്നെയാണ് തുടര്‍ന്നത്. സെഡ് പി എം രൂപീകരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സോറം നാഷണലിസ്റ്റ് പാര്‍ട്ടിയുമായും പീപ്പിള്‍സ് കോണ്ഫറൻസുമായും കോൺഗ്രസ് സഖ്യം രൂപീകരിച്ചു.

എന്നിട്ടും കോണ്‍ഗ്രസ് മൂന്നാമത് തള്ളപ്പെടുന്ന കാഴ്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ക്ക് കാര്യമായ പ്രാധാന്യമോ പരിഗണനയോ മിസോറാമിലെ ജനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഇനി നല്കുകയില്ലെന്നുമുള്ളതിന്റെ പ്രധാന സൂചനയായിരുന്നു സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ആവിര്‍ഭാവം. അത് ശരിയായിരുന്നുവെന്നാണ് ഇന്നത്തെ ഫലങ്ങളും സൂചിപ്പിക്കുന്നത്.

ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?
മൂന്നരപ്പതിറ്റാണ്ടിന് ശേഷം മിസോറാമില്‍ മാറ്റത്തിന്റെ കാറ്റ് വീശുമോ?

എംഎന്‍എഫിന് പിഴച്ചോ?

നിലവിലുണ്ടായിരുന്ന 28 എംഎന്‍എഫ് എംഎല്‍എമാരില്‍ നിന്നും മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും ഇത്തവണ മത്സരിച്ചിട്ടുണ്ടായിരുന്നു. അതേസമയം സോറംതങ്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നില്ല ഉയര്‍ന്നു വന്നത്. വികസന ഉറപ്പുകള്‍ പാലിച്ചില്ല, സര്‍ക്കാര്‍ ജോലികളിലെ സ്വജനപക്ഷപാതം തുടങ്ങിയ കാരണങ്ങളാൽ ഭരണവിരുദ്ധ വികാരം എംഎന്‍എഫിനെതിരെയുണ്ടായിരുന്നു. മണിപ്പൂര്‍ വിഷയമായിരുന്നു ഇതില്‍ നിന്നും മാറിനിന്നത്.

ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി പിടിച്ചുനിൽക്കും, ഛത്തീസ്ഗഡ് കോണ്‍ഗ്രസിനെ തുണയ്ക്കും

മണിപ്പൂര്‍ ചര്‍ച്ചയായോ

കുക്കികളുമായി അടുത്ത ബന്ധമുള്ള ജനസമൂഹമാണ് മിസോറം ജനത. അത് സ്വാതന്ത്ര്യത്തിനും മുമ്പേയുള്ളതാണ്. മണിപ്പൂര്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ചിന്‍ കുക്കി ജനതയെ സ്വീകരിക്കാന്‍ എംഎന്‍എഫ് സര്‍ക്കാരിന് സാധിച്ചിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം നിലകൊള്ളുന്ന എംഎന്‍എഫ് ഇക്കാര്യത്തില്‍ എന്‍ഡിഎയ്‌ക്കെതിരെ നില്‍ക്കുകയായിരുന്നു. കേന്ദ്രത്തിനെതിരെ നിലപാടെടുത്തതുകൊണ്ട് മ്യാന്‍മര്‍ അഭയാര്‍ത്ഥികളുടെ ബയോമെട്രിക് വിവരങ്ങള്‍ അന്വേഷിക്കാനും മിസോ സര്‍ക്കാര്‍ തയ്യാറായില്ല. 12000 കുക്കികളാണ് മണിപ്പൂരില്‍നിന്ന് മിസോറാമിലേക്ക് അഭയാര്‍ഥികളായെത്തിയത്. ബിജെപിക്ക് കാണിക്കുന്ന പൂജ്യം വോട്ടുകളും എംഎന്‍എഫിന് കാണിക്കുന്ന ഉയര്‍ന്ന വോട്ടുകളും മണിപ്പൂരിന്റെ കൂടി പ്രതിഫലനമാണ്.

ദേശീയ പാര്‍ട്ടികള്‍ക്ക് മിസോറാം കടുക്കും; സോറം പീപ്പിള്‍സ് മൂവ്‌മെന്റ് പുതുചരിത്രം കുറിക്കുമോ?
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാന്‍ കോൺഗ്രസ്: തെലങ്കാന നല്‍കുന്ന സൂചന

മിസോറാമിലെ വനിതാ സ്ഥാനാര്‍ത്ഥിത്വം

1987 ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതല്‍ ഇന്നുവരെ മിസോറാം നിയമസഭയില്‍ നാല് സ്ത്രീകള്‍ മാത്രമാണ് എംഎല്‍എമാരായത്. 2018ല്‍ മത്സരിച്ച എട്ട് സ്ത്രീകളില്‍ ഒരാളെ പോലും മിസോ ജനത അംഗീകരിച്ചില്ല. കഴിഞ്ഞ മാസം മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ വലിയൊരു സമരം നടന്നിരുന്നു. ല്യൂങ്‌ലെ സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന മെരിയം എന്ന സ്ത്രീയുടെ സ്ഥാനാര്ഥിത്വത്തെ ചോദ്യം ചെയ്യാനായിരുന്നു ആ ആള്‍ക്കൂട്ടം. ഗോത്രത്തിന് പുറത്തുനിന്ന് ഒരാളെ വിവാഹം കഴിച്ചുവെന്ന പേരില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലത്തില്‍ മെറിയത്തിന് സ്ഥാനാര്‍ഥിയാകാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞായിരുന്നു സമരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം മിസോറാമില്‍ ചരിത്രം കുറിക്കാനുള്ളതാണോയെന്ന് ഉറ്റുനോക്കാം.

logo
The Fourth
www.thefourthnews.in