ഡൽഹി കലാപം: ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിയോട് സുപ്രീം കോടതി
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം ജയിലിൽ കഴിയുന്ന വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിൻ്റെ ജാമ്യാപേക്ഷ വേഗത്തിൽ തീർപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം. തൻ്റെ ജാമ്യാപേക്ഷ ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഷർജീൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി നിർദേശം. ജാമ്യാപേക്ഷ കേൾക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ജാമ്യം തേടിയ ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഷർജീലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, 2022 മുതൽ ജാമ്യാപേക്ഷ തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണെന്ന് കോടതിയെ അറിയിച്ചു. "അടുത്ത തീയതിയിൽ കഴിയുന്നത്ര വേഗത്തിൽ ജാമ്യാപേക്ഷ കേൾക്കാൻ ഹൈക്കോടതിയോട് അഭ്യർത്ഥിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ട്, പ്രസ്തുത അപേക്ഷ ഹൈക്കോടതി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു." കോടതി നിരീക്ഷിച്ചു. നവംബർ 25 ന് ഹൈക്കോടതി കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഹൈക്കോടതിയിൽ കേസ് നടക്കുമ്പോൾ എന്തിനാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയതെന്ന് ആദ്യം ബെഞ്ച് ഷർജീലിന്റെ അഭിഭാഷകനോട് ചോദിച്ചു. സുപ്രീം കോടതിയിൽ ജാമ്യാപേക്ഷയിൽ താൻ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് സിദ്ധാർത്ഥ് ദവെ പറഞ്ഞു. ജാമ്യാപേക്ഷ വേഗത്തിലാക്കാനുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും കോടതിയെ അറിയിച്ചു.
ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെ സെക്ഷൻ 21(2) പ്രകാരം മൂന്ന് മാസത്തിനകം ഹൈക്കോടതി അപ്പീൽ തീർപ്പാക്കണമെന്ന് ഉത്തരവുണ്ടെന്ന് ദവെ ചൂണ്ടിക്കാട്ടി. ജാമ്യം നിരസിച്ചതിനെ ചോദ്യം ചെയ്തുള്ള ഇമാമിൻ്റെ അപ്പീൽ 2022 ഏപ്രിൽ 29 ന് ഫയൽ ചെയ്തു. ഇത് 64 തവണ മാറ്റിവച്ചു. ഹർജിക്കാരൻ 8 പോസ്റ്റിംഗുകൾക്ക് സമയം തേടിയിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
"ഞാൻ ആർക്കെതിരെയും ഒന്നും പറയുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. പക്ഷേ ദയവായി അതിൽ ഒരു തീരുമാനം എടുക്കണം," ദവെ പറഞ്ഞു.
53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2020 ഫെബ്രുവരി ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചനയുടെ സൂത്രധാരന്മാരെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാർജീലിനും മറ്റ് നിരവധി പേർക്കുമെതിരെ യുഎപിഎ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം കർശനമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സിഎഎയ്ക്കും എൻആർസിക്കും എതിരായ പ്രതിഷേധത്തിനിടെയാണ് ഡൽഹിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.