ചെന്നൈ കവരൈപേട്ടയില്‍ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി, മൂന്നെണ്ണത്തില്‍ അഗ്നിബാധ

ചെന്നൈ കവരൈപേട്ടയില്‍ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി, മൂന്നെണ്ണത്തില്‍ അഗ്നിബാധ

ഇടിയുടെ ആഘാതത്തില്‍ എക്‌സ്പ്രസ് ട്രെയിന്റെ രണ്ടു കോച്ചുകളും ഗുഡ്‌സ് ട്രെയിന്റെ നാലു കോച്ചുകളും പാളം തെറ്റി
Updated on
1 min read

ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. മൈസുരു-ദര്‍ബാംഗ ഭാഗമതി എക്‌സ്പ്രസ് ട്രെയിന്‍ ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുട്രെയിനുകളുടെയുമായി 13 കോച്ചുകള്‍ പാളം തെറ്റി. മൂന്നു കോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അപകടത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവള്ളുവര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാത്രി 8:30-ഓടെയായിരുന്നു അപകടം. സിഗ്നല്‍ ലഭിച്ച് മെയിന്‍ ലൈനിലൂടെ പോകേണ്ടിയിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് തെറ്റി ലൂപ് ലൈനില്‍ ഉണ്ടായിരുന്നു ഗുഡ്‌സ് ട്രെയിനേലിക്കേ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ മേല്‍ക്കുമേല്‍ ഇടിച്ചു കയറി. ഈ കോച്ചുകളിലാണ് അഗ്നിബാധ ഉണ്ടായിരിക്കുന്നത്.

പരുക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.അപകടത്തെത്തുടര്‍ന്ന് ചെന്നൈ-ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു ദക്ഷിണ റെയിവേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ആരക്കോണത്തു നിന്നു 30 അംഗ ദേശീയ ദുരന്ത നിവാരണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in