എസ് ജയശങ്കര്‍
എസ് ജയശങ്കര്‍

'ഭാരതം ഭരണഘടനയിൽപോലുമുള്ള പ്രയോഗം, എന്താണ് തെറ്റ്?'; പേര് മാറ്റല്‍ വിവാദത്തില്‍ വിദേശകാര്യമന്ത്രി

പ്രതിപക്ഷസഖ്യം 'ഇന്ത്യ' എന്നത് മാറ്റി 'ഭാരതം' എന്ന് ചുരുക്കിയെഴുതിയാല്‍ കേന്ദ്ര സർക്കാർ എന്ത് ചെയ്യുമെന്ന് സീതാറാം യെച്ചൂരി
Updated on
1 min read

ഇന്ത്യയുടെ പേര് ഭാരതമാക്കി മാറ്റുമെന്ന ചര്‍ച്ചയില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഭാരതം എന്ന പ്രയോഗത്തില്‍ എന്താണ് തെറ്റെന്ന് വിദേശകാര്യമന്ത്രി ചോദിച്ചു. 'ഭാരതം' എന്ന പേരിന് ഭരണഘടനയിലും വ്യക്തമായ സ്ഥാനമുണ്ടെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ എന്ന പേര് മാറ്റി ഭാരതം എന്ന് മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയിരുന്നു.

''ഇന്ത്യയെന്നാല്‍ ഭാരതമാണ്. അക്കാര്യം ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. എല്ലാവരും അത് വായിച്ചു നോക്കണം'' - എസ് ജയശങ്കര്‍ പറഞ്ഞു. '' ഇന്ത്യയെ ഭാരതമെന്നും ഹിന്ദുസ്ഥാനെന്നും മാറിമാറി വിളിക്കാറുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പേ ഈ പേരുകളാണ് ഉപയോഗിച്ചിരുന്നത്. അടിമത്വത്തെ ഓര്‍മിപ്പിക്കുന്ന പല പേരുകളും മോദി സര്‍ക്കാരിന്റെ കാലത്ത് മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനപ്പുറവും നീണ്ടുനിന്ന പല പേരുകളും ചിഹ്നങ്ങളുമെല്ലാം മോദി സർക്കാരിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്'' - ജയശങ്കര്‍ പറഞ്ഞു.

''ഇത് പുതിയൊരു ലോകമാണ്. പുതിയൊരു ഇന്ത്യയും വ്യത്യസ്തനായ പ്രധാനമന്ത്രിയുമാണ്. അതുകൊണ്ടാണ് പുതിയ കാര്യങ്ങള്‍ നിങ്ങള്‍ കാണുന്നത്'' - ജയശങ്കര്‍ പറഞ്ഞു. മാറുന്ന ഈ ലോകസാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പല പ്രത്യേക ഉത്തരവാദിത്തങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയോട് കൂടി ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുമോ എന്ന സംശയത്തിന് ആക്കം കൂടുകയാണ്

വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോടെ പേര് മാറ്റമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുകയാണ്.സെപറ്റംബര്‍ 18 മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ പേരുമാറ്റലിന് മുന്‍ഗണന നല്‍കുന്നുണ്ടോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പേര് മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രമേയം മുന്നോട്ട് വയ്ക്കാനുള്ള സാധ്യതകൾ സംബന്ധിച്ചും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

 എസ് ജയശങ്കര്‍
'ഭാരത'ത്തെ തള്ളുന്നവർ രാജ്യത്തിനെതിരെ നിലപാടെടുക്കുന്നവർ; പേര് മാറ്റം പ്രതിപക്ഷം പ്രചരിപ്പിക്കുന്ന അഭ്യൂഹമെന്ന് കേന്ദ്രം

അതേ സമയം പേര് മാറ്റല്‍ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ''ഇന്ത്യ എന്ന പേരില്‍ പ്രതിപക്ഷം സഖ്യമുണ്ടാക്കിയതില്‍ ബിജെപിക്ക് കടുത്ത അമര്‍ഷമുണ്ട്. അതുകൊണ്ടാണ് അവര്‍ ഭാരതം എന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രതിപക്ഷസഖ്യം ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന് ചുരുക്കിയെഴുതിയാല്‍ അവര്‍ എന്തു ചെയ്യും'' - സീതാറാം യെച്ചൂരി ചോദിച്ചു. ''രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പേരിലും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ സ്‌പേച്ച് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഐഐടി, ഐഐഎം എന്നിവയില്ലെല്ലാം ഇന്ത്യയുണ്ട്. അവയെല്ലാം ഭാരത് എന്നാക്കി മാറ്റുന്നതിന് പിന്നിൽ മറ്റ് നീക്കങ്ങളാണുള്ളത്'' - യെച്ചൂരി പറഞ്ഞു.

logo
The Fourth
www.thefourthnews.in