കാലാവസ്ഥാ ദുരന്തങ്ങളും അപകടങ്ങളും; 
രാജ്യത്ത് നാല് മാസത്തിനിടെ മരിച്ചത് 233 പേര്‍

കാലാവസ്ഥാ ദുരന്തങ്ങളും അപകടങ്ങളും; രാജ്യത്ത് നാല് മാസത്തിനിടെ മരിച്ചത് 233 പേര്‍

രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ തീവ്ര കാലാവസ്ഥാ ദിനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
Updated on
1 min read

മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളിലും അപകടങ്ങളിലും ഈ വര്‍ഷം ജനുവരി മുതൽ ഏപ്രിൽ വരെ രാജ്യത്ത് പൊലിഞ്ഞത് 233പേരുടെ ജീവൻ. 0.95 ദശലക്ഷം ഹെക്ടര്‍ കൃഷിയിടം നശിക്കുകയും ചെയ്തു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിശദാംശങ്ങളുള്ളത്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമുൾപ്പെടെ 32 മേഖലകളിൽ ഇത്തവണ കാലാവസ്ഥാ ദുരന്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവർഷം ഇത് 27 എണ്ണത്തിലായിരുന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് മോശവും അതിതീവ്രവുമായ കാലാവസ്ഥാ ദിനങ്ങൾ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 30 ദിവസങ്ങൾ വീതമാണിത്. ഹിമാചലിൽ 28 ദിവസവും ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 27 ദിവസവും അതിതീവ്ര കാലാവസ്ഥ അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ 12 ദിവസമാണ് ഇത്തവണ തീവ്രമായ കാലാവസ്ഥ അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 25 ദിവസമായിരുന്നു.

2022 ജനുവരിക്കും ഏപ്രിലിനും ഇടയില്‍ 86 പേരുടെ ജീവനാണ് അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങളിൽ നഷ്ടപ്പെട്ടത്. 0.03 ദശലക്ഷം ഹെക്ടര്‍ കൃഷിയിടമാണ് ഈ കാലയളവിൽ നശിച്ചത്. ഇതിന്റെ ഇരട്ടിയാണ് ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകൾ.

2022 ലെ 365 ദിവസങ്ങളില്‍ 314ലും ഇന്ത്യയില്‍ മോശം കാലാവസ്ഥ അനുഭവപ്പെട്ടു

നാല് മാസത്തിനുള്ളില്‍ 58 ദിവസമാണ് ശക്തമായ കൊടുങ്കാറ്റും മിന്നലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇത് ഭൂരിഭാഗവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു. 2022ല്‍ ഇതേ കാലയളവില്‍ 35 ദിവസങ്ങളിലായിരുന്നു മിന്നലും കൊടുങ്കാറ്റും ദുരന്തം വിതച്ചത്. ഈ വര്‍ഷം രാജ്യത്ത് 15 തവണയാണ് ഉഷ്ണ തരംഗം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അത് 40 ദിവസമായിരുന്നു. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ കാലംതെറ്റി മഴ പെയ്യുന്നതിന് കാരണമായ പശ്ചിമ അസ്വസ്ഥത, ഏപ്രിലിലും മേയ് മാസത്തിലും ചൂട് കുറയാന്‍ കാരണമായതായും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2022ലെ 365 ദിവസങ്ങളില്‍ 314ലും ഇന്ത്യയില്‍ മോശം കാലാവസ്ഥ അനുഭവപ്പെട്ടു. കഴിഞ്ഞവര്‍ഷമാകെ 3,026 പേരുടെ ജീവന്‍ പൊലിയുകയും 1.96 ദശലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. യുണൈറ്റഡ് നേഷന്‍സിന്റെ പ്രത്യേക ഏജന്‍സിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ പ്രകാരം 1970നും 2021നും ഇടയില്‍ അതിതീവ്രമായ കാലാവസ്ഥ മൂലം ഇന്ത്യയില്‍ 573 ദുരന്തങ്ങള്‍ ഉണ്ടായി. ആ കെടുതികളിൽ 138,377 പേരുടെ ജീവനാണ് നഷ്ടമായത്.

logo
The Fourth
www.thefourthnews.in