മെറ്റാ സ്റ്റോറി; കേസിന് പിന്നാലെ ഗവേഷകനെതിരെ പരാതിയുമായി ദി വയര്‍
വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന ബിജെപി നേതാവിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഗവേഷകന് എതിരെ പരാതിയുമായി ദി വയര്‍. മെറ്റയ്ക്ക് എതിരെ നല്‍കിയ ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കായി ഗവേഷണം നടത്തിയ ദേവേഷ് കുമാറിനെതിരെയാണ് ദി വയര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ മാസം പ്രസിദ്ധീകരിച്ച മെറ്റാ സ്റ്റോറികളുമായി ബന്ധപ്പെട്ട് ഗവേഷകന്‍ വ്യാജരേഖകള്‍ കെട്ടിച്ചമച്ചുവെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ പരാതി നല്‍കിയത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പരാതിയില്‍ ദി വയറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പുതിയ പരാതി ഉയരുന്നത്.
ടെഗ് ഫോഗ് ആപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്ത, ദി വയര്‍ ഉടന്‍ തന്നെ നീക്കം ചെയ്തിരുന്നു
ടെഗ് ഫോഗ് ആപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ആസ്പദമാക്കി ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സഹരചയിതാവാണ് ദേവേഷ് കുമാര്‍. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ മാധ്യമം അത് നീക്കം ചെയ്യുകയായിരുന്നു.
ഇത്തരം വാര്‍ത്തകളില്‍ കൃതൃമത്വം കാണിച്ചെന്നാണ് ദേവേഷിനെതിരെയുള്ള വയറിന്റെ പരാതി. പരാതിയും ആരോപണങ്ങളും പരിശോധിച്ചുവരികയാണെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമിത് മാളവ്യയ്ക്ക് അപ്രിയമായ 700 ലധികം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നു എന്ന് ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ ശനിയാഴ്ചയാണ് ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മെറ്റയില്‍ സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉളളടക്കങ്ങള്‍ കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യാനുള്ള അധികാരം മാളവ്യയ്ക്കുണ്ട് എന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചിട്ടും ദ വയര്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടേയിരുന്നു എന്നാണ് മാളവ്യയുടെ വിമര്‍ശനം. തെറ്റായ വാര്‍ത്ത തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താനോ വാര്‍ത്ത പിന്‍വലിക്കാനോ സ്ഥാപനം തയ്യാറായിട്ടില്ലെന്നും മാളവ്യ ആരോപിച്ചു. ദി വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എംകെ വേണു, ഡെപ്യൂട്ടി എഡിറ്ററും എക്സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറുമായ ജാഹ്നവി സെന്‍ എന്നിവര്‍ക്കെതിരെയാണ് മാളവ്യയുടെ പരാതി. മെറ്റാ സ്റ്റോറികളുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മെറ്റയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അത് വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറായ ജാഹ്‌നവി സെന്‍ വാര്‍ത്തയില്‍ സംഭവിച്ച പാകപ്പിഴയുടെ പേരില്‍ വായനക്കാരോട് ക്ഷമാപണവും നടത്തിയിരുന്നു. എന്നാല്‍, തന്റെ പദവിയെ അപകീര്‍ത്തിപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്തിട്ടും തന്നോട് മാത്രം ദി വയര്‍ ക്ഷമ ചോദിച്ചില്ല എന്നാണ് അമിത് മാളവ്യയുടെ ആരോപണം.