മണിപ്പൂരിലെ ക്രൂരകൃത്യത്തിലേക്ക് ആൾക്കൂട്ടത്തെ നയിച്ചത് വ്യാജവാർത്ത; സ്ഥിരീകരിച്ച് പോലീസ്
മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിന് പ്രേരകമായത് വ്യാജവാര്‍ത്തയെന്ന് സ്ഥിരീകരിച്ച് മണിപ്പൂർ പോലീസ്. ദേശീയ മാധ്യമമായ 'ഇന്ത്യ ടുഡേ' ആണ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
ന്യൂനപക്ഷ വിഭാഗമായ കുക്കിയിലെ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി നടത്തിച്ച് ഒടുവിൽ അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്തുവെന്ന വാർത്ത രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെ തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊരു ക്രൂരകൃത്യം നടന്നതിന് പിന്നിൽ മെയ് മൂന്നിന് കലാപബാധിത സംസ്ഥാനത്ത് പ്രചരിച്ച ഒരു വ്യാജ ദൃശ്യമാണെന്ന് കഴിഞ്ഞ ദിവസം തന്നെ പല രാഷ്ട്രീയ- സാംസ്‌കാരിക പ്രമുഖരും ചൂണ്ടിക്കാട്ടിയിരുന്നു. മണിപ്പൂരിലെ മേയ്തി വിഭാഗത്തിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാലിത് വ്യാജവാർത്തയാണെന്നും കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയില്‍ കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് മേയ്തി യുവതിയുടേതെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും പിന്നീട് വ്യക്തമായി. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ ഒരു പെൺകുട്ടിയുടെ ചിത്രമായിരുന്നു വ്യാജ വർത്തയിലുണ്ടായിരുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്ന ഈ അടിസ്ഥാനരഹിത ആരോപണത്തെ തള്ളി മേയ് അഞ്ചിന് അന്നത്തെ പോലീസ് മേധാവി പി ഡങ്കലും രംഗത്തുവന്നിരുന്നു.
വ്യാജദൃശ്യങ്ങൾ പ്രചരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളിലെ സംഭവങ്ങൾ ഉണ്ടാകുന്നത്. മേയ് മൂന്നിന് ആയിരത്തോളം പേരടങ്ങിയ മേയ്തി വിഭാഗത്തിലെ ആളുകൾ ബി ഫയ്‌നോം എന്ന ഗ്രാമത്തിലേക്ക് ഇരച്ചെത്തി. ഇവർ വീടുകളും മറ്റും തീവയ്ക്കുകയും കുക്കി വിഭാഗത്തിലെ ആളുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ ഒരു സംഘത്തിന് മാത്രമാണ് അന്ന് സമീപത്തുണ്ടായിരുന്ന കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചത്. ഇവരെ പോലീസ് പിന്നീട് കണ്ടെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേയാണ് ആൾകൂട്ടം പോലീസിനെ ആക്രമിച്ച് പെൺകുട്ടികളടങ്ങുന്ന ഈ സംഘത്തെ പിടിച്ചുകൊണ്ടുപോകുകുന്നത്. തുടർന്നാണ് അതിക്രൂരമായ സംഭവങ്ങളുണ്ടാകുന്നത്.
ആൾക്കൂട്ടം തട്ടികൊണ്ട് പോയവരിൽ രണ്ട് പേരെ അവർ കൊല്ലുകയും മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കുകയും ചെയ്തു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തു. എഫ് ഐ ആർ അനുസരിച്ച് 21 വയസുള്ള പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മേയ് 18ന് ഇവർ പോലീസിൽ പരാതിപ്പെട്ടെങ്കിലും എഫ് ഐ ആർ ഇടുന്നത് ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം ജൂൺ 21നാണ്.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മണിപ്പൂർ സർക്കാരിന് കമ്മിഷൻ നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടാണ് മണിപ്പൂർ ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടർ ജനറലിനും (ഡിജിപി) എൻഎച്ച്ആർസി നോട്ടീസയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ സ്ഥിതി, ഇരയായ സ്ത്രീകളുടെയും മറ്റ് പരുക്കേറ്റവരുടെയും ആരോഗ്യനില, കൂടാതെ ദുരിതബാധിതർക്കും കുടുംബാംഗങ്ങൾക്കും നൽകിയ നഷ്ടപരിഹാരം എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി.