ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 200ൽ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം,കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് മാണ്ഡി-കുള്ളു ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു . അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ 200 ലധികം പ്രദേശവാസികളും വിനോദ സഞ്ചാരികളും കുടുങ്ങികിടക്കുകയാണ്. ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. മാണ്ഡി ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് പ്രധാന ഹൈവേകളും അടച്ചു.
മണ്ഡി ജില്ലയിലെ ബാഗിപുര്‍ പ്രദേശത്ത് പ്രഷാര്‍ തടാകത്തിന് സമീപം വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെട്ട 200 ലധികമാളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു മാണ്ഡി ജില്ലാ പോലീസ് ഡിഎസ്പി സജ്ഞീവ് സൂദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.
ഉത്തരാ ഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.
മാണ്ഡി ജോഗീന്ദര്‍ നഗര്‍ ഹൈവേയും അടച്ചിരിന്നു. ഈ ഹൈവേകളിലൂടെ സഞ്ചരിക്കുന്ന പൊതുജനങ്ങളും വിനോദ സഞ്ചാരികളും മലനിരകളോട് ചേര്‍ന്നുള്ള റോഡുകളിൽ നില്‍ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചില്‍ സാധ്യതയും മുന്‍ നിര്‍ത്തിയാണ് നിര്‍ദേശം.
മേഘ വിസ്‌ഫോടനത്തിനു ശേഷം പെയ്ത മഴയുടെ ഫലമായി പലയിടങ്ങളിലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളോട് മടങ്ങിപ്പോകാനും അടുത്തുള്ള പട്ടണങ്ങളില്‍ താമസിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായി പെയ്ത മഴയില്‍ ബിയാസ് നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മേഘ വിസ്‌ഫോടനത്തിനു ശേഷം ഷിംല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്ക സാധ്യതയും അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.
കഴിഞ്ഞ ഒരാഴ്ച്ക്കാലമായി ഉത്തരേന്ത്യയില്‍ തുടരുന്ന മഴയില്‍ വലഞ്ഞിരിക്കുകയാണ് ജനം. ഇത്തവണ ഡല്‍ഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവര്‍ഷമെത്തിയത്. ഡല്‍ഹിയില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഗുരുഗ്രാം നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത് .