പ്രശസ്ത കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
പ്രശസ്ത കലാസംവിധയകൻ നിതിൻ ചന്ദ്രകാന്ത് ദേശായി (57) ജീവനൊടുക്കിയ നിലയില്‍. മഹാരാഷ്ട്ര കർജാത്തിലെ സ്വന്തം സ്റ്റുഡിയോ ആയ എൻഡി സ്റ്റുഡിയോയിൽ ഇന്ന് രാവിലെ ദേശായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മികച്ച കലാസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നാല് തവണ സ്വന്തമാക്കിയ വ്യക്തിയാണ് നിതിൻ ചന്ദ്രകാന്ത് ദേശായി. നിരവധി മറാത്തി ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ദേവദാസ്, ജോധ അക്ബർ, ലഗാൻ തുടങ്ങിയ പ്രശസ്ത ബോളിവുഡ് സിനിമകളുടെ കലാസംവിധായകനാണ്.
ദേവദാസ്, ജോധ അക്ബർ, ലഗാൻ, ഹം ദിൽ ദേ ചുകേ സനം, സ്ലംഡോഗ് മില്യണയർ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ
രണ്ട് പതിറ്റാണ്ടിലേറെയായി കലാസംവിധാന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിതിൻ ദേശായി. അശുതോഷ് ഗോവാരിക്കർ, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രശസ്തരായ സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹം ദിൽ ദേ ചുകേ സനം, സ്ലംഡോഗ് മില്യണയർ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബാജിറാവു മസ്താനി തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങൾ. ഡോ. ബാബാ സാഹെബ് അംബേദ്കർ, ലഗാൻ, ദേവദാസ്, ഹം ദിൽ ദേ ചുകേ സനം എന്നീ ചിത്രങ്ങൾക്കാണ് മികച്ച കല സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിക്കുന്നത്. ദേവദാസ്, ഖാമോഷി, 1942: എ ലവ് സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
2019 ൽ പുറത്തിറങ്ങിയ അശുതോഷ് ഗോവാരിക്കാർ ചിത്രം പാനിപ്പത്ത് ആണ് അവസാനം കലാസംവിധാനം ചെയ്ത സിനിമ. കലാസംവിധാനത്തിന് പുറമെ 2003 ൽ ദേശ് ദേവി മാ ആശാപുര എന്ന ചിത്രവും, രാജാ ശിവഛത്രപതി എന്ന മറാത്തി സീരിയലും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സിനിമയിൽ നൽകിയിട്ടുള്ള സംഭാവനകൾക്ക് , ആർട്ട് ഡയറക്‌ടേഴ്‌സ് ഗിൽഡ് ഫിലിം സൊസൈറ്റിയും ഹോളിവുഡിലെ അമേരിക്കൻ സിനിമാറ്റെക്കും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
നിതിൻ ദേശായി കടുത്ത സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നു എന്നാണ് പോലീസ് നല്‍കുന്ന പ്രതികരണം. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അതേസമയം നിരവധി പ്രമുഖർ നീതി ദേശായിയുടെ മരണത്തിൽ അനുശോചിച്ചു. നിതിൻ ദേശായിയുടെ മരണം ദുഃഖിപ്പിക്കുന്നുവെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. " വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത വിധം ഈ മരണം എന്നെ വേദനിപ്പിക്കുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാത്ത സിനിമകളിൽ പോലും അദ്ദേഹം എനിക്ക് മാർഗനിർദേശങ്ങൾ തന്നു. " വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. നടന്മാരായ റിതേഷ് ദേശ്മുഖ്, നീൽ നിതിൻ മുകേഷ് എന്നിവരും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
മുംബൈ ആസ്ഥാനമായുള്ള ദേശായി ജെജെ സ്കൂൾ ഓഫ് ആർട്‌സിൽ ഫോട്ടോഗ്രാഫി പഠിച്ച അദ്ദേഹം തമസ് എന്ന ടിവി ഷോയുടെ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായായാണ് ഈ മേഖലയിൽ എത്തുന്നത്. 1994-ൽ പുറത്തിറങ്ങിയ വിധു വിനോദ് ചോപ്രയുടെ 1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.