ശരിയായ വില ലഭിച്ചില്ല; മഹാരാഷ്ട്രയിൽ ഒന്നരയേക്കർ ഉള്ളി പാടത്തിന് തീയിട്ട് കർഷകൻ; മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്ത്

ശരിയായ വില ലഭിച്ചില്ല; മഹാരാഷ്ട്രയിൽ ഒന്നരയേക്കർ ഉള്ളി പാടത്തിന് തീയിട്ട് കർഷകൻ; മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്ത്

സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ച കാരണമാണ് പാടം കത്തിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്ന് കർഷകന്‍
Updated on
1 min read

കൃഷി ചെയ്ത് വിൽക്കുന്ന ഉത്പ്പന്നങ്ങൾക്ക് ശരിയായ മൂല്യം ലഭിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്താത്തതിൽ പ്രതിഷേധിച്ച് ഒന്നര ഏക്കർ വരുന്ന ഉള്ളി പാടം തീയിട്ട് കർഷകൻ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കൃഷ്ണ ഡോംഗ്രേ എന്ന കർഷകനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം ഇത്തരത്തിൽ അറിയിച്ചത്. ഉള്ളി പാടം കത്തിക്കുന്നത് കാണാൻ ക്ഷണിച്ചുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ചോര കാെണ്ട് കത്തെഴുതി അയച്ച‌തായും അതിലൂടെ കർഷകരുടെ അവസ്ഥ അദ്ദേഹത്തിന് നേരിട്ട് കാണാൻ കഴിയുമെന്നും ഡോംഗ്രേ പറഞ്ഞു.

1.5 ഏക്കറില്‍ ഇത് വളര്‍ത്തിയെടുക്കാനായി നാല് മാസത്തോളം രാവും പകലും അധ്വാനിച്ചു

കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഉള്ളി വില കിലോയ്ക്ക് രണ്ട് മുതൽ നാല് രൂപ വരെയായി ഇടിഞ്ഞതോടെയാണ് കർഷകൻ മാസങ്ങളോളമായി കൃഷി ചെയ്ത പാടത്തിന് തീയിട്ടത്. 'നാല് മാസത്തിനുള്ളില്‍ വിളവെടുപ്പിനായി ചെലവഴിച്ചത് 1.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇത് വിപണിയില്‍ എത്തിക്കാന്‍ 30,000 രൂപ കൂടി ചെലവഴിക്കേണ്ടിവരും', കര്‍ഷകന്‍ പറയുന്നു. ഇത്രയൊക്കെ പണം ചെലവഴിച്ചാലും ഉള്ളിക്ക് ഇപ്പോള്‍ ലഭിക്കുന്നത് വെറും 25,000 രൂപ മാത്രമാണ്. 1.5 ഏക്കറില്‍ ഇത് വളര്‍ത്തിയെടുക്കാനായി നാല് മാസത്തോളം രാവും പകലും അധ്വാനിച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വീഴ്ച കാരണമാണ് പാടം കത്തിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ഡോംഗ്രെ പറഞ്ഞു.

നിലവിലെ സംഭരണ ​​നിരക്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകേണ്ട അവസ്ഥ

നിലവിലെ സംഭരണ ​​നിരക്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകേണ്ട അവസ്ഥയാണെന്നും കർഷകർക്കൊപ്പം നിൽക്കുന്നതിനെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ചിന്തിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്തയച്ചിട്ട് 15 ദിവസം കഴിഞ്ഞുവെന്നും സംസ്ഥാന സർക്കാരിൽ നിന്ന് ആരും തങ്ങളെ സമീപിച്ചില്ലെന്നും ഡോംഗ്രെ പറയുന്നു. ''അവർ അല്‍പം പോലും സഹാനുഭൂതി കാണിച്ചില്ല, ഇത് ചെയ്യരുത്, കർഷകർക്കായി എന്തെങ്കിലും ചെയ്യാം, ഇങ്ങനെ പോലും ആരും പറഞ്ഞില്ല'', അദ്ദേഹം പറയുന്നു.

logo
The Fourth
www.thefourthnews.in