മുഷിഞ്ഞ വസ്ത്രം ധരിച്ച കര്‍ഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ; പ്രതിഷേധം, ഒടുവില്‍ ഖേദപ്രകടനം
മുഷിഞ്ഞ വസ്ത്രം ധരിച്ചുവെന്ന് ചൂണ്ടിക്കാട്ടി വയോധികനായ കര്‍ഷകന് യാത്ര നിഷേധിച്ച ബെംഗളൂരു മെട്രോയുടെ വിവേചനത്തില്‍ വന്‍ പ്രതിഷേധം. രാജാജി നഗര്‍ മെട്രോ സ്റ്റേഷനിലെത്തിയ സംസാരശേഷിയില്ലാത്ത കര്‍ഷകനെയാണ് വസ്ത്രത്തിന്റെ പേരില്‍ ജീവനക്കാര്‍ അപമാനിച്ച് മാറ്റിനിര്‍ത്തിയത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു കര്‍ഷകനെത്തിയത്.
ടിക്കറ്റെടുത്ത് സുരക്ഷാ പരിശോധനക്കായി ക്യൂവില്‍ നിന്ന കര്‍ഷകനോട് മെട്രോ ജീവനക്കാര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. 15 മിനുട്ട് മാറിനിന്നിട്ടും യാത്ര നിഷേധിക്കുന്നതിന്റെ കാരണം മെട്രോ ജീവനക്കാര്‍ പറയാതായതോടെ മറ്റു യാത്രക്കാര്‍ കര്‍ഷകനുവേണ്ടി ഇടപെട്ടു. മുഷിഞ്ഞ വസ്ത്രമാണ് യാത്ര നിഷേധിക്കാന്‍ കാരണമെന്ന മറുപടി ലഭിച്ചതോടെ യാത്രക്കാരില്‍ ചിലര്‍ ഉദ്യോഗസ്ഥരോട് കയര്‍ത്തു. ചിലര്‍ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
വിഐപികള്‍ക്കും നല്ല വസ്ത്രമണിയാന്‍ പറ്റുന്നവര്‍ക്കും മാത്രമുള്ളതാണോ മെട്രോ സര്‍വീസെന്ന് സഹയാത്രികര്‍ ചോദിച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമുണ്ടായില്ല. മെട്രോ ട്രെയിന്‍ വിഐപി സര്‍വീസല്ല പൊതു ഗതാഗത സര്‍വീസാണെന്നും കര്‍ഷകന്‍ ടിക്കറ്റ് എടുത്താണ് യാത്രയ്‌ക്കെത്തിയതെന്നും സഹയാത്രികര്‍ അധികൃതരെ ഓര്‍മിപ്പിച്ചു.
ഇതോടെ കര്‍ഷകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചില യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നില്ലെന്ന് നിലപാടെടുത്തു. സ്റ്റേഷന് പുറത്തിറങ്ങിയ ഇവര്‍ കര്‍ഷകനെ അദ്ദേഹത്തിനു പോകാനുള്ള ഇടത്തേക്ക് എത്തിക്കാനുള്ള ഏര്‍പ്പാടും ചെയ്തു.
കര്‍ഷകന്റെ തലയിലെ ചാക്കില്‍ മെട്രോ യാത്രയില്‍ വിലക്കുളള എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ യാത്ര തടയാന്‍ അവകാശമുള്ളൂയെന്ന് യാത്രക്കാര്‍ വാദിച്ചു. എന്നാല്‍ മുഷിഞ്ഞ വസ്ത്രമുള്ളയാളെ ഒരു കാരണവശാലും യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മെട്രോ റെയില്‍ അധികൃതര്‍ ഉറച്ചുനിന്നു.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മെട്രോ ജീവനക്കാരുടെ വിവേചനത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധ ശബ്ദമുയര്‍ന്നു. ഇതോടെ, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബെംഗളൂരു മെട്രോയുടെ എക്‌സ്പോസ്റ്റ് എത്തി. സംഭവം അന്വേഷിക്കുമെന്നും സുരക്ഷാ ജീവനാക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും നമ്മ മെട്രോ അറിയിച്ചു.