'കുരങ്ങന്മാരിൽനിന്ന് വിളകൾ സംരക്ഷിക്കാൻ കരടിവേഷം കെട്ടുന്നവർ'; വൈറലായി കർഷകരുടെ ചിത്രങ്ങൾ

'കുരങ്ങന്മാരിൽനിന്ന് വിളകൾ സംരക്ഷിക്കാൻ കരടിവേഷം കെട്ടുന്നവർ'; വൈറലായി കർഷകരുടെ ചിത്രങ്ങൾ

കർഷകർ എല്ലാവരും കൂടി ചേർന്ന് 4000 രൂപ പിരിവിട്ടാണ് കരടി വേഷം വാങ്ങിയത്.
Updated on
1 min read

മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും കൃഷി സംരക്ഷിക്കാനായി പാടത്ത് കോലം സ്ഥാപിക്കുന്നത് പരിചിതമായ കാഴ്ചയാണ്. എന്നാൽ ഇതേ ആവശ്യത്തിനായി മൃഗങ്ങളുടെ വേഷം ധരിച്ച് പാടത്ത് നിൽക്കുന്ന മനുഷ്യരെ അധികമാരും കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ അത്തരം കുറച്ച് ആളുകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലുള്ള കർഷകരാണ് കുരങ്ങന്മാർ വിളകൾ നശിപ്പിക്കുന്നത് തടയുന്നതിനായി കരടി വേഷം കെട്ടി പാടത്ത് നിൽക്കുന്നത്.

വിളനശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരുടെ ശല്യം സഹിക്കവയ്യാതെയാണ് ഈ 'കോലം കെട്ടല്‍' കര്‍ഷകര്‍ ആരംഭിച്ചത്. നാല്പത്തിയഞ്ചോളം കുരങ്ങുകളാണ് പ്രദേശത്ത് വിഹരിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത്. അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു തരത്തിലുമുള്ള സഹായവും ഉണ്ടാകാത്തതിനാലാണ് ഇത്തരമൊരു മാർഗം അവലംബിക്കേണ്ടി വന്നതെന്നാണ് കർഷകർ പറയുന്നത്. വിള സംരക്ഷിക്കുന്നതിനായിട്ടാണ് കർഷകർ എല്ലാവരും കൂടി ചേർന്ന് 4000 രൂപ പിരിച്ചെടുത്ത് ഏതാനും കരടിവേഷങ്ങള്‍ വാങ്ങുകയായിരുന്നു. ഊഴമിട്ട് ഈ വേഷമണിഞ്ഞ് പാടത്ത് കാവല്‍ ഇരിക്കുകയാണ് ഇപ്പോള്‍ അവര്‍.

നിരവധി ആളുകളാണ് ചിത്രങ്ങൾ പങ്കു വച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്. മിക്കവരും കർഷകർ സ്വീകരിച്ച നിലപാടിനോട് കയ്യടിച്ചപ്പോൾ മറ്റു ചിലർ അവരോട് സഹതാപമാണ് പ്രകടിപ്പിച്ചത്. എന്നാൽ ചിത്രങ്ങൾ സാമൂഹിമ മാധ്യമങ്ങളിൽ വൈറലായതോടെ കുരങ്ങുകളുടെ വിഹാരം തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കർഷകർക്ക് ഉറപ്പ് നൽകുന്നതായി ലഖിംപൂർ ഖേരി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സഞ്ജയ് ബിസ്വാൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in