രാജ്യത്തെ കര്‍ഷക കുടുംബങ്ങളുടെ ജീവിത നിലവാരം ഇടിയുന്നു; പ്രതിമാസ ചെലവ് ഗ്രാമീണ ശരാശരിയിലും താഴെ
ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണ കുടുംബങ്ങളേക്കാള്‍ ജീവിക്കാന്‍ കുറഞ്ഞ പണം ചെലവിടുന്നവരാണ് രാജ്യത്തെ കര്‍ഷരെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആദ്യമായി കാര്‍ഷിക കുടുംബങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗ ചെലവ് ( എംപിസിഇ) ഗ്രാമീണ കുടുംബങ്ങളേക്കാള്‍ താഴെയെത്തി. മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നേരിട്ട് പൂര്‍ത്തീകരിക്കുന്നതിനുള്ള ചെലവിനെയാണ് പ്രതിശീര്‍ഷ ഉപഭോഗ ചെലവ് എന്ന് കണക്കാക്കുന്നത്. പ്രതിമാസം ഒരു കുടുംബം ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കള്‍, സേവനങ്ങള്‍ എന്നിവയ്ക്കായി ചെലവാക്കുന്ന ശരാശരി തുക. ഇക്കാര്യം അടിസ്ഥാനമാക്കി ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസില്‍ ശനിയാഴ്ച പുറത്തിറക്കിയ പുതിയ സര്‍വേയിലാണ് കര്‍ഷക കുടുംബങ്ങളുടെ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നത്.
കര്‍ഷകരെ പോലെ കര്‍ഷക മേഖലയില്‍ മറ്റുപണികള്‍ ചെയ്യുന്നവരുടെ പ്രതിമാസ ഉപഭോഗ ചെലവും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെക്കാള്‍ കുറവാണ്
കൃഷി വരുമാനമാര്‍ഗമാക്കിയ കുടുംബങ്ങളുടെ ശരാശരി എംപിസിഇ നിലവില്‍ 3,702 രൂപയായി തുടരുകയാണ്. അതേസമയം ഗ്രാമീണ മേഖലയിലെ മറ്റുകുടുംബങ്ങളുടേത് 3773 രൂപ. വ്യത്യാസം നേരിയതെങ്കിലും മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് കര്‍ഷകരുടെ ജീവിത നിലവാരത്തിലെ പിന്നോട്ട് പോക്കാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി സമരം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.
രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സൂചകമാണ് എംപിസിഇ. 1990-2000 കാലഘട്ടത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് കര്‍ഷക കുടുംബങ്ങളുടെ എംപിസിഇ 520 രൂപയും ഗ്രാമീണ കുടുംബങ്ങളുടേത് 486 രൂപയുമായിരുന്നു. പിന്നീട് വര്‍ഷാവര്‍ഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള അന്തരം നേര്‍ത്ത് വരികയായിരുന്നു. കര്‍ഷകരെ പോലെ കര്‍ഷക മേഖലയില്‍ മറ്റുപണികള്‍ ചെയ്യുന്നവരുടെ പ്രതിമാസ ഉപഭോഗ ചെലവും ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെക്കാള്‍ കുറവാണ്. കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുന്നതാകാം ഇതിന് കാരണമാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.
2020-21 റദ്ദാക്കിയ കാർഷിക നിയമങ്ങൾ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ കാർഷിക കുടുംബങ്ങളുടെ എംപിസിഇയിലെ ഇടിവ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഓരോ അഞ്ചുവർഷവും പുറത്തുവിടേണ്ട കണക്ക്, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം പ്രസിദ്ധീകരിച്ചിരുന്നില്ല. 2016-17ൽ സർവേ നടന്ന് റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും കണക്കിൽ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞുവയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ സർവേ റിപ്പോർട്ട് പ്രകാരം ഗ്രാമപ്രദേശങ്ങളിൽ കഴിയുന്ന പട്ടികവർഗ (എസ്ടി) വിഭാഗങ്ങളുടെ എംപിസിഇ 3,016 രൂപയാണ്. ഏറ്റവും കുറവുള്ളത് ഈ വിഭാഗങ്ങള്‍ക്കാണ്. പട്ടികജാതി (എസ്‌സി) വിഭാഗങ്ങൾക്ക് 3,474 രൂപയും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) 3,848 രൂപയുമാണ് എംപിസിഇ.