ദില്ലി ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി, മാര്‍ച്ച് നിര്‍ത്തിവച്ചു

ദില്ലി ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി, മാര്‍ച്ച് നിര്‍ത്തിവച്ചു

അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്
Updated on
1 min read

കര്‍ഷക സമരത്തില്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം.

Summary

കര്‍ഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്

ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ച് നേരിട്ടു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനായി താത്കാലികമായി നിര്‍ത്തിവച്ചിരുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് രാവിലെമുതല്‍ കര്‍ഷകര്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ യുവ കര്‍ഷകന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി സംഘടനകള്‍ അറിയിച്ചു. വെള്ളിയാഴ്ച മാര്‍ച്ച് വീണ്ടും തുടങ്ങും.

കര്‍ഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. 30,000 ടിയര്‍ ഗ്യാസ് ഷെല്ലുകളാണ് കര്‍ഷകരെ നേരിടാനായി ഡല്‍ഹി പോലീസ് ശേഖരിച്ചിരിക്കുന്നത്. തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ, അഞ്ചാം ഘട്ട ചര്‍ച്ചയ്ക്കായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. 'നാലാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളും അഞ്ചാം ഘട്ടത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ചര്‍ച്ചയ്ക്കായി കര്‍ഷക നേതാക്കളെ ക്ഷണിക്കുകയാണ്. സമാധാനം നിലനിര്‍ത്തുക എന്നതു പ്രധാനമാണ്,' കേന്ദ്ര മന്ത്രി പറഞ്ഞു.

ദില്ലി ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി, മാര്‍ച്ച് നിര്‍ത്തിവച്ചു
14,000 കർഷകർ രാജ്യതലസ്ഥാനത്തേക്ക്, നേരിടാന്‍ യുദ്ധസമാന സന്നാഹങ്ങളുമായി കേന്ദ്രം; ശംഭുവില്‍ സംഘർഷം

എന്നാല്‍ ഡല്‍ഹിയിലേക്ക് സാമാധാനപരമായി നീങ്ങാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ പറഞ്ഞു. ബാരിക്കേഡുകള്‍ നീക്കം ചെയ്ത് മുന്നോട്ട് പോകാനുള്ള അനുവാദം നല്‍കണമെന്ന് ജഗ്ജിത് ആവശ്യപ്പെട്ടു. സമാധാനം തകര്‍ക്കാനുള്ള ഒരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ജഗ്ജിത് പറഞ്ഞു. മാര്‍ച്ച് തടയാനുള്ള കേന്ദ്ര നീക്കങ്ങളെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in