കാവേരി തര്‍ക്കം: മണ്ടിയയില്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജെഡിഎസും ബിജെപിയും, ബുധനാഴ്ച സര്‍വകക്ഷി യോഗം
കാവേരി നദിയിലെ ജലം തമിഴ്‌നാടിന് വിട്ടു നല്‍കുന്നതില്‍ കര്‍ണാടകയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയില്‍ കര്‍ഷക പ്രക്ഷോഭം ആരംഭിച്ചു. മണ്ടിയ, മൈസ്സൂരു, രാമനഗര തുടങ്ങിയ കാവേരി തീരത്തെ കാര്‍ഷിക ജില്ലകളിലാണ് കര്‍ഷക പ്രതിഷേധം. കര്‍ണാടകയിലെ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെഡിഎസും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം നല്‍കി. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ മണ്ടിയയില്‍ ബിജെപി മൈസൂരു-ബെംഗളൂരു അതിവേഗ പാത ഉപരോധിച്ചു. നിരവധി കര്‍ഷകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു.
സുപ്രീംകോടതി നിര്‍ദേശ പ്രകാരം കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് 10 ടി എം സി ജലം വിട്ടു നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ കാവേരി നദീജല തര്‍ക്കം വീണ്ടും തലപൊക്കിയത്. മഴക്കുറവും ജലക്ഷാമവും അനുഭവിക്കുന്ന കര്‍ണാടക ഇപ്പോള്‍ വെള്ളം വിട്ടു നല്‍കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയും ജെഡിഎസും വിഷയം ഏറ്റു പിടിച്ചിരിക്കുന്നത്. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' യിലെ ഘടക കക്ഷിയായ ഡി എം കെയെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം.
അതേസമയം, പ്രതിപക്ഷം കാവേരി സമരായുധമാക്കിയതോടെ സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജലം വിട്ടു നല്‍കണമെന്ന തമിഴ്നാടിന്റെ ആവശ്യം പുനഃപരിശോധിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. കാവേരി നദീ തീരത്തെ കാര്‍ഷിക ജില്ലകളെ ഇപ്പോള്‍ തന്നെ ജലദൗര്‍ലഭ്യം ബാധിച്ചിട്ടുണ്ടെന്നും ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ ജലക്ഷാമം നേരിടുമെന്നുമാണ് കര്‍ണാടക ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം വരുന്ന ബുധനാഴ്ച സര്‍വ്വകക്ഷിയോയോഗം വിളിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
2018 ലെ സുപ്രീം കോടതി വിധി പ്രകാരം കാവേരി നദിയില്‍ നിന്ന് 404 .25 ടി എം സി ജലമാണ് കര്‍ണാടക തമിഴ്‌നാടിന് പ്രതിവര്‍ഷം വിട്ടു നല്‍കേണ്ടത്. കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് നിലവില്‍ നദീജലം കൈകാര്യം ചെയ്യുന്നത്. ആകെ 81 ,155 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള കാവേരി നദീ തടത്തില്‍ 44 ,016 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തമിഴ്നാടിന്റെ ഭാഗമാണ്. തഞ്ചാവൂര്‍ ഉള്‍പ്പടെ തമിഴ്നാട്ടിലെ പ്രധാന കാര്‍ഷിക ജില്ലകളെല്ലാം കാവേരി നദിയിലെ ജലത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.