അതിർത്തി അടയ്ക്കുന്നു, സ്വതന്ത്ര ഇടനാഴിയും ഇല്ല; കുക്കികളുടെ തീവ്രവാദബന്ധം ആരോപിച്ച് മ്യാന്‍മാറുമായി 'അകലം'കൂട്ടി ഇന്ത്യ
മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശക്തികളുടെ സ്വാധീനമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സംസ്ഥാന ബിജെപി സര്‍ക്കാരിന്റേയും നിലപാട്. . ഇത് സാധൂകരിക്കാന്‍ എന്ന തരത്തില്‍ ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള അതിര്‍ത്തി വേലി കെട്ടി അടയ്ക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാർ. മ്യാന്‍മാറില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാകുന്നതും അനധികൃത കുടിയേറ്റം വ്യാപകമാകുന്നതും അതിര്‍ത്തി കെട്ടിയടക്കുന്നതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അരുണാചല്‍പ്രദേ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,643 കിലോമീറ്റര്‍ നീളമുള്ള ഈ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തി അടയ്ക്കുന്നതുമാത്രമല്ല, പാസ്‌പോര്‍ട്ടില്ലാതെ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് അതിര്‍ത്തി കടന്നുപോകാന്‍ സാധിക്കുന്ന സ്വതന്ത്ര ഇടനാഴി (Free Movement Regime) കരാര്‍ റദ്ദാക്കുകയും ചെയ്തു. കച്ചവട, തൊഴില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇരു രാജ്യങ്ങളിലേയും അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ചുവരുന്നുണ്ട്. രണ്ടു രാജ്യങ്ങളില്‍ ആണെങ്കിലും ഒറ്റ ഗോത്രത്തിന് കീഴില്‍ കഴിയുന്ന നിരവധി പേരാണ് ഈ മേഖലയില്‍ ഉള്ളത്. ഇവര്‍ക്ക് ബന്ധുക്കളെ കാണാനും മറ്റും എപ്പോള്‍ വേണമെങ്കിലും അതിര്‍ത്തി കടന്നു പോകാന്‍ സാധിക്കുമായിരുന്നു. മണിപ്പൂരിലെ വംശീയ കലാപം അടിച്ചമര്‍ത്താന്‍ കഴിയാതെ പ്രതിസന്ധി നേരിടുന്ന ബിജെപി, കലാപത്തിന് മറ്റൊരു നിറം നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
കുക്കികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം
മണിപ്പൂരില്‍ മെയ്തികളും കുക്കികളും തമ്മില്‍ കലാപം ആരംഭിച്ചതിന് ശേഷം, അതിര്‍ത്തി താണ്ടി ബന്ധുക്കളെ കാണാനുള്ള ഗ്രാമവാസികളുടെ യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. കുക്കി വിഭാഗക്കാര്‍ക്ക് ആയുധം എത്തിച്ചുനല്‍കുന്നത് മ്യാന്‍മാറില്‍ നിന്നുള്ള തീവ്രവാദികളാണെന്നും അതുകൊണ്ട് മ്യാന്‍മാര്‍ അതിര്‍ത്തി വേലികെട്ടി അടയ്ക്കണമെന്നും മണിപ്പൂരിലെ ബീരേന്‍ സിങ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എഫ്എംആര്‍ ഉപയോഗിച്ച് മ്യാന്‍മാറിലെ ബന്ധുക്കളെ അനധികൃത കുടിയേറ്റത്തിന് മണിപ്പൂരിലെ കുക്കികള്‍ സഹായിച്ചതായും മെയ്തികള്‍ ആരോപിച്ചിട്ടുണ്ട്.
'ചിന്‍-കുകി-നാര്‍ക്കോ' തീവ്രവാദികളാണ് മണിപ്പൂരിലെ ആക്രമണത്തിന് പിന്നിലെന്ന് മെയ്തികളുടെ സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ മണിപ്പൂര്‍ ഇന്റഗ്രറ്റി ആരോപിച്ചിരുന്നു. മ്യാന്‍മാറില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണെന്നും ഇവര്‍ ആരോപിക്കുന്നു. ''നിലവിലെ പ്രതിസന്ധി ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമല്ല, മറിച്ച് മണിപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി സഹകരിച്ച് മ്യാന്‍മറും ബംഗ്ലാദേശും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുക്കി തീവ്രവാദികള്‍ ഇന്ത്യന്‍ യൂണിയനെതിരെ നടത്തുന്ന യുദ്ധമാണ്''- ഇതായിരുന്നു മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രതികരണം. കലാപത്തിന്റെ ഉത്തരവാദിത്തം സമ്പൂര്‍ണമായി കുക്കികളുടെ മേല്‍ വയ്ക്കാനും ഈ വിഭാഗത്തില്‍പ്പെട്ട എല്ലാവരും അനധികൃത കുടിയേറ്റക്കാരാണെന്ന് സ്ഥാപിക്കാനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുകയാണ് എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ ഭാത്തുനിന്നുണ്ടായത്.
സംസ്ഥാനത്ത് 2,100 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് മണിപ്പൂര്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിരവധി ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കിന് ശേഷം, മ്യാന്‍മാറില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥി പ്രവാഹം ഇന്ത്യയിലേക്ക് ഉണ്ടാകുന്നുണ്ട്. മ്യാന്‍മാറിലെ പുതിയ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവില്‍ അഭയാര്‍ത്ഥികള്‍ എത്തുന്നത്.
എഫ്എംആര്‍ അവസാനിപ്പിക്കുന്നതിലൂടെ, കുക്കി വിഭാഗം മാത്രമല്ല പ്രതിരോധത്തിലാകുന്നത്. മെയ്തികളും ഇതിന്റെ ദുരവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് കുക്കികള്‍ വാദിക്കുന്നത്. കേന്ദ്രനയത്തെ എതിര്‍ത്ത് മിസോ, നാഗാ വിഭാഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി വേലികെട്ടി അടയ്ക്കുന്നത് രണ്ട് രാജ്യങ്ങളിലായി കഴിയുന്ന തങ്ങളുടെ കുടുംബങ്ങളെ തമ്മില്‍ എന്നന്നേക്കുമായി അകറ്റുന്ന നടപടിയാണ് ഇതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നാഗാലാന്‍ഡില്‍ ബിജെപി നേതാക്കള്‍ തന്നെ ഈ നീക്കത്തിന് എതിരെ രംഗത്തുവന്നിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ വിഘടനവാദ സംഘടനകള്‍ മ്യാന്‍മാര്‍ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നും ഇത് തടയാനാണ് അതിര്‍ത്തി അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് എന്നുമാണ് സൈന്യം പറയുന്നത്.