വയനാട് ഉരുള്‍പൊട്ടല്‍: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം, ഡോക്യുമെന്റേഷന്‍ നടപടികളില്‍ ഇളവ്
വയനാട്ടിലെയും മറ്റു ദുരന്ത ബാധിത പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് തുകകൾ വേഗത്തിൽ നൽകാൻ കേന്ദ്രനിർദേശം. ഇൻഷുറൻസ് തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ധനമന്ത്രാലയം നിർദേശിച്ചു. എല്‍ഐസി നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് നിർദേശം. ഈ വിഷയത്തില്‍ ഇരകള്‍ക്ക് അടിയന്തരമായി പിന്തുണ ഉറപ്പാക്കാനാണ് നടപടിയെന്ന് ധനമന്ത്രാലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിൽ പോളിസി ഉടമകൾക്ക് ക്ലെയിം തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിക്ക് പ്രത്യേകം നിർദേശം
"കേരളത്തിലെ നിർഭാഗ്യകരമായ ഉരുൾപൊട്ടലിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ, ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പണമടയ്ക്കാനും കഴിയുന്ന തരത്തിൽ, ദുരന്തത്തിന്റെ ഇരകൾക്ക് സാധ്യമായ പിന്തുണ നൽകാൻ എൽഐസി, നാഷണൽ ഇൻഷുറൻസ് കോർപ്പറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് (പിഎസ്ഐസി) സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്,”മന്ത്രാലയം എക്‌സിൽ പറഞ്ഞു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിൽ പോളിസി ഉടമകൾക്ക് ക്ലെയിം തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ക്ലെയിം തുകയുടെ വേഗത്തിലുള്ള വിതരണം ഉറപ്പാക്കാൻ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ഇൻഷുറൻസ് കമ്പനികളുമായി ഏകോപിപ്പിച്ച് ക്ലെയിമുകൾ പ്രോസസ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഉടനടി പണം നൽകുകയും ചെയ്യും. കൂടാതെ, ഇൻഷുറർമാർക്ക് ക്ലെയിം സ്റ്റാറ്റസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനായി കൗൺസിൽ ഒരു പോർട്ടൽ സജ്ജമാക്കും.
ദുരിത ബാധിതരെ കണ്ടെത്താന്‍ വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ, കമ്പനി വെബ്‌സൈറ്റുകൾ, എസ്എംഎസ് തുടങ്ങിയ മാർഗങ്ങൾ വഴി ഇതിനോടകം തന്നെ ഇൻഷുറൻസ് കമ്പനികൾ സജീവ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വയനാട് ചൂരല്‍മല - മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇതുവരെ 218 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരണ സംഖ്യ മുന്നൂറ് പിന്നിട്ടെന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരില്‍ 98 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടുന്നു. 30 കുട്ടികളുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 217 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. മരിച്ചവരില്‍ 152 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ചിന്നിച്ചിതറിയ നിലയില്‍ 152 ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 143 ശരീരഭാഗങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി. സംസ്‌കരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന് 62 മൃതദേഹങ്ങളും 87 ശരീര ഭാഗങ്ങളും കൈമാറിയതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.