ഡല്‍ഹി വാഹനാപകടം: കാറോടിച്ചത് പിടിയിലായ ആളല്ല; അപകടസമയത്ത് ദീപക് ഖന്ന വീട്ടില്‍
പുതുവത്സര ദിനത്തിൽ ഡൽഹിയിലെ കാഞ്ചവാലയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇരുപതുകാരിയായ അഞ്ജലി സിങ്ങിന്റെ ജീവനെടുത്ത കാർ ഓടിച്ചെന്ന് ആരോപിക്കപ്പെട്ട ദീപക് ഖന്ന അപകടസമയം വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടം നടക്കുമ്പോൾ ദീപക് ഖന്ന തന്റെ വീട്ടിലാണുണ്ടായിരുന്നത്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും ഡ്രൈവിങ് ലൈസൻസില്ലാത്തതിനാല്‍ പ്രതികളുടെ ബന്ധുവായ ദീപക്കിനോട് കുറ്റം ഏറ്റെടുക്കാൻ മറ്റുള്ളവർ പറയുകയായിരുന്നു. അന്വേഷണത്തിൽ ദീപകിന്റെ ഫോൺ രേഖകളും മറ്റ് നാല് പ്രതികളുമായി പൊരുത്തപ്പെടുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, കേസില്‍ ഒരാളെ കൂടെ പോലീസ് ഇന്ന് പിടികൂടി.
ഇതോടൊപ്പം എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ള അഞ്ച് പേരിൽ ഒരാളായ അമിത് ഖന്നയാണ് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്. "അപകടത്തിന് ശേഷം അമിത് ഇക്കാര്യം സഹോദരൻ അങ്കുഷ് ഖന്നയോട് പറഞ്ഞു. തുടർന്ന്, അങ്കുഷ് ലൈസൻസുള്ള ദീപക്കിനെ ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. നിസാര അപകടമാണെന്ന് കരുതിയാണ് ദീപക് കുറ്റം ഏറ്റെടുത്തത്. അപകടത്തിന്റെ വ്യാപ്തി ദീപക് തിരിച്ചറിഞ്ഞിരുന്നില്ല എന്നും പോലീസ് പറയുന്നു.
അങ്കുഷിനായി ഊർജ്ജിത തിരച്ചിലാണ് പോലീസ്. അശുതോഷ് എന്നയാളെയാണ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാർ ഉടമയുടെ ഭാര്യാസഹോദരൻ ആണ് അശുതോഷ്. അപകടത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും അശുതോഷിന് അറിവുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു പ്രതികൾ നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും ആരാണ് വാഹനമോടിച്ചത് എന്ന് വ്യക്തമായിരുന്നില്ല. പിന്നീട് ദീപക് അല്ല എന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിൽ ദീപക് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
മനപ്പൂർവ്വമല്ലാത്ത നരഹത്യ , അശ്രദ്ധമായി വാഹനം ഓടിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിരുന്നത്. പ്രതികളായ അഞ്ച് പേരെയും ഡൽഹി കോടതി വ്യാഴാഴ്ച നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളായ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തൽ, കൃഷൻ, മിഥുൻ എന്നിവരെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് രോഹിണി ജില്ലാ കോടതിയിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സന്യ ദലാൽ മുൻപാകെ ഹാജരാക്കിയത്.