മതവിദ്വേഷ പ്രസംഗം; പതഞ്ജലി ഉടമ ബാബാ രാം ദേവിനെതിരെ കേസ്

മതവിദ്വേഷ പ്രസംഗം; പതഞ്ജലി ഉടമ ബാബാ രാം ദേവിനെതിരെ കേസ്

മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി
Updated on
1 min read

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരെ കേസ്. ഫെബ്രുവരി 2ന് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നടന്ന പരിപാടിയില്‍ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൗഹത്താൻ പോലീസ് സ്റ്റേഷനിലാണ് രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിനും ശത്രുത വളർത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

മുസ്ലീങ്ങൾ നമാസിന്റെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം. ലോകത്തെ മുഴുവന്‍ മതപരിവര്‍ത്തനം നടത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും രാംദേവ് പ്രസംഗത്തില്‍ പറഞ്ഞു.

''നിങ്ങളുടെ മതം എന്താണ് പഠിപ്പിക്കുന്നതെന്ന് ഏതൊരു മുസ്ലീമിനോടും ചോദിക്കുക. എല്ലാ ദിവസവും നമസ്‌കാരം നിലനിര്‍ത്തുക, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുക എന്ന് അവര്‍ പറയും. അതായത് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോകുക, ഇതാണ് ഇസ്ലാമിന്റെ നിര്‍വചനം. അവര്‍ പാപികളാണ്. നമ്മുടെ മുസ്ലീം സഹോദരങ്ങള്‍''- രാംദേവ് പറഞ്ഞു.

ഹിന്ദുമതം അതിന്റെ അനുയായികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ മറ്റ് രണ്ട് വിശ്വാസങ്ങളും മതപരിവർത്തനത്തിൽ മുഴുകിയിരിക്കുകയാണെന്ന് രാംദേവ് ആരോപിച്ചു. ഹിന്ദുമതത്തെ ഇസ്ലാമിനോടും ക്രിസ്തുമതത്തോടും താരതമ്യം ചെയ്യുമ്പോഴായിരുന്നു ഇത്.

മുസ്ലീങ്ങൾ ദിവസത്തിൽ അഞ്ച് തവണ നമസ്‌കരിക്കുന്നു. തുടർന്ന് മനസിൽ തോന്നുന്ന പാപം ചെയ്യുന്നു. അവർ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു.. തീവ്രവാദികളാകുന്നു, അവരിൽ പലരും കുറ്റവാളികളാണ്. നമ്മുടെ മുസ്ലീം സഹോദരങ്ങൾ ധാരാളം പാപങ്ങൾ ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം എന്നാൽ കണങ്കാലിന് മുകളിൽ പൈജാമ ധരിക്കുക, മീശ മുറിക്കുക, തൊപ്പി ധരിക്കുക. ഇസ്ലാമോ ഖുര്‍ആനോ അവരോട് അത് ആവശ്യപ്പെടുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എന്നാൽ ആളുകൾ അത് ചെയ്യുന്നത് അങ്ങനെയാണെന്നും രാംദേവ് പരിഹസിച്ചു.

ക്രിസ്താനികളെ കുറിച്ചും രൂക്ഷമായി ഭാഷയിലായിരുന്നു രാംദേവിന്റെ പരാമ‍ശം. ''ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്? പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ച് കർത്താവായ യേശുവിന്റെ മുന്നിൽ നിൽക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയാം. അവർ കുരിശിനെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ കഴുത്തില്‍ കുരിശ് പോലെയുള്ള ചില അടയാളങ്ങളും പിന്നീട് നമ്മുടേതിന് സമാനമായി കാണപ്പെടുന്ന മറ്റ് മാലകളും ഉണ്ട്. ലോകം മുഴുവന്‍ ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് മുസ്ലീങ്ങള്‍ ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികള്‍ ലോകം മുഴുവന്‍ ക്രിസതുമതം തങ്ങളുടെ പ്രധാന മതമായി അംഗീകരിക്കണമെന്ന് ആഗ്രഹിക്കുന്നു''- രാംദേവ് പറഞ്ഞു.

ഫെബ്രുവരി രണ്ടിന് നടന്ന സന്യാസിമാരുടെ സമ്മേളനത്തിലായിരുന്നു രാംദേവിന്റെ വിദ്വേഷ പ്രസംഗം. പ്രസംഗം വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാംദേവിനെതിരെ ഉയരുന്നത്.

രാംദേവിനെതിരെ ഐപിസി 153 എ (മതത്തിന്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക), 295A (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രകരവുമായ പ്രവൃത്തികൾ), 298 (മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശത്തോടെയുള്ള പരാമർശങ്ങൾ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in