ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

ബ്രിജ് ഭൂഷണിന് പുറമെ ഫെഡറേഷന്‍ അസി. സെക്രട്ടറിക്കെതിരെയും കേസ്; സമരത്തെ വിമര്‍ശിച്ച് ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത്

പരാതിപ്പെടാതെ വീട്ടിലിരുന്നാല്‍ പോലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്
Updated on
1 min read

ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ താരങ്ങളുടെ പരാതിയില്‍ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍. ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന് പുറമെ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറാണ് എഫ്‌ഐആറിലെ രണ്ടാം പേരുകാരന്‍. ബ്രിജ്ഭൂഷണ്‍ സിങിന്റെ അടുത്ത അനുയായിയാണ് വിനോദ് തോമര്‍.

ഗുസ്തി താരങ്ങളുടെ പരാതിയില്‍ രണ്ട് കേസുകളാണ് ബ്രിജ്ഭൂഷണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായ പൂര്‍ത്തിയാകാത്ത ഗുസതി താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ആദ്യ എഫ്‌ഐആര്‍. വനിതാ താരങ്ങളുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ കേസിലാണ് ബ്രിജ്ഭൂഷണ്‍ സിങിനൊപ്പം തോമറിനെയും പ്രതിചേര്‍ത്തിട്ടുള്ളത്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ക്രിമിനലായ 'ശക്തിശാലി';ആരാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്?

ഡല്‍ഹി കൊണാര്‍ട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ താരങ്ങള്‍ക്ക് എതിരെ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തി. ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് പേരാണ് ഗുസ്തി ഫെഡറേഷന്‍ മേധാവിമാര്‍ക്കെതിരെ പരാതി നല്‍കിയത്. ഈ പരാതികളില്‍ തോമറിന്റെ പേരും പരാമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും, സിആര്‍പിസി 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
'ഇപ്പോള്‍ രാജിവയ്ക്കുന്നത് ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിന് തുല്യം'; താൻ നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്

അതേസമയം, തനിക്കെതിരായ പരാതിയെ കുറിച്ചറിയില്ലെന്നാണ് തോമറിന്റെ നിലപാട്. താന്‍ ഡല്‍ഹിയിലെ വസതിയില്‍ തന്നെയുണ്ട്, എന്നാല്‍ ഇത്തരം ഒരു പരാതിയെ കുറിച്ചോ, കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചോ ഒരു വിവരവും തനിക്ക് അറിയില്ല. എന്നാണ് തോമര്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സമരം ചെയ്യുന്ന താരങ്ങളെ വിമര്‍ശിച്ച് ഒളിംപിക്‌സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് രംഗത്തെത്തി. ഗുസ്തി താരങ്ങളെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമായിരുന്നെങ്കില്‍ മൂന്നു മാസം മുന്‍പ് പരാതിപ്പെടണമായിരുന്നു, അതു ചെയ്യാതെ വീട്ടിലിരുന്നാല്‍ പോലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വര്‍ ദത്ത് പ്രതികരിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിച്ച സമിതിയിലെ അംഗം കുടിയായിരുന്നു യോഗേശ്വര്‍ ദത്ത്.

logo
The Fourth
www.thefourthnews.in