പിഎഫ് കുടിശിക 65 കോടിയിലധികം; സ്‌പൈസ് ജെറ്റ് എംഡിക്കെതിരെ കേസ്
ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് കുടിശിക വരുത്തിയതിന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ മാനേജിങ് ഡയറക്ടര്‍ക്കെതിരേ കേസ്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിങ്ങാണ് സ്‌പൈസ് ജെറ്റ് എംഡി അജയ് സിങ്ങിനും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കമ്പനിയിലെ പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിച്ച പിഎഫ് വിഹിതമായ 65 കോടിയോളം രൂപയാണ് കമ്പനി ഇപിഎഫില്‍ നിക്ഷേപിക്കാതെ കുടിശിക വരുത്തിയത്.
സ്‌പൈസ് എംഡിക്കു പുറമേ കമ്പനി ഡയറക്ടര്‍മാരായ ശിവാനി സിങ്, അനുരാഗ് ഭാര്‍ഗവ, അജയ് അഗര്‍വാള്‍, മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. 2022 ജൂണിനും 2024 ഓഗസ്റ്റിനും ഇടയിലുള്ള പിഎഫ് വിഹിതമാണ് കമ്പനി വെട്ടിച്ചത്. സ്‌പൈസ് ജെറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 12 ശതമാനമാണ് പിഎഫ് വിഹിതമായി കമ്പനി പിടിക്കുന്നത്. ഇത് ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാതെ വെട്ടിക്കുകയായിരുന്നു.
ജീവനക്കാരില്‍ നിന്നു പിടിക്കുന്ന പിഎഫ് വിഹിതം അതത് മാസം അവസാനിച്ച് 15 ദിവസത്തിനകം ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്നാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സ്‌പൈസ് ജെറ്റ് ജീവനക്കാരില്‍ നിന്നു പിടിച്ച 65,70,62,540 കോടി രൂപ കമ്പനി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാതെ വകമാറ്റി ചിലവഴിക്കുകയായിരുന്നു.
അതേസമയം കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് സ്‌പൈസ് ജെറ്റ്. അടുത്തിടെ പ്രവര്‍ത്തന ചിലവിനായി ഓഹരിയില്‍ ഒരു പങ്ക് വിറ്റ് 3000 കോടി രൂപ സമാഹരിച്ച അവര്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഈ തുക ലഭിച്ചപ്പോള്‍ ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ത്തതായാണ് കമ്പനി അവകാശപ്പെടുന്നത്.