പീഡന പരാതിയുമായി പാർട്ടി പ്രവർത്തകൻ; പ്രജ്വല്‍ രേവണ്ണയ്ക്ക് പിന്നാലെ ലൈംഗികാതിക്രമക്കേസില്‍ സഹോദരൻ സൂരജും അറസ്റ്റിൽ
ഹാസനിലെ മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് പിന്നാലെ ലൈംഗികാതിക്രമക്കേസില്‍ കുരുങ്ങി സഹോദരന്‍ സൂരജ് രേവണ്ണ. പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ സൂരജ് രേവണ്ണയ്‌ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകൻ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ലൈംഗികാരോപണത്തിന് കര്‍ണാടക ഹാസനിലെ ഹോളനാരിസ്പുര റൂറല്‍ പോലീസ് കേസെടുത്തത്. പിന്നാലെ സൂരജിനെ അറസ്റ്റും ചെയ്തു. സൂരജിന്‌റെ ഫാം ഹൗസില്‍വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതിക്കാരന്‌റെ ആരോപണം.
ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) സെക്ഷന്‍ 377 ( പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങള്‍), 506 (ക്രിമിനല്‍ ഭീഷണി), 342(അന്യായ തടങ്കല്‍), 34 എന്നിവയാണ് സൂരജിനുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് ഹാസന്‍ എസ്പി മുഹമ്മദ് സുജീത പറഞ്ഞു.
ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സൂരജിനെതിരായ പരാതിയില്‍ പറയുന്നത്. 'താന്‍ സജീവ ജെഡിഎസ് പ്രവര്‍ത്തകനാണെന്നും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലങ്കി ഗ്രാമത്തില്‍വച്ച് സൂരജിനെ കണ്ടിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. ഫോണ്‍ നമ്പരുകള്‍ പരസ്പരം കൈമാറിയിരുന്നു. ശേഷം ജൂണ്‍ 16ന് ഗന്നിക്കടയിലുള്ള ഫാംഹൗസില്‍വച്ച് കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് അവിടെയെത്തിയപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്ന പോലീസുകാരെ സൂരജിന്‌റെ സന്ദേശം കാണിച്ചപ്പോള്‍ അകത്തേക്ക് കയറ്റിവിട്ടു. സൂരജിന്‌റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് എന്നെ അനുചിതമായി സ്പര്‍ശിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ജീവിച്ചാല്‍ രാഷ്ട്രീയമായി വളരാന്‍ സഹായിക്കുമെന്ന് സൂരജ് വാഗ്ദാനം ചെയ്യുകയും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. സൂരജിന്റെ സഹായി ശിവകുമാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു.
അതേസമയം, വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി സൂരജ് രേവണ്ണയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരനും കുടുംബവും ചേര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി സൂരജ് രേവണ്ണ പരാതിപ്പെട്ടു.
സൂരജിന്‌റെ സഹായി ശിവകുമാര്‍ നല്‍കിയ പരാതി പ്രകാരം ജെഡി(എസ്) പ്രവര്‍ത്തകന്‍ ജോലി ആവശ്യപ്പെട്ട് ആറു മാസം മുന്‍പും ജൂണിലും സൂരജിനെ കണ്ടിരുന്നു. അപ്പോള്‍ സഹായിക്കാന്‍ കഴിയില്ലെന്നും ഭാവിയില്‍ പരിഗണിക്കാമെന്നും സൂരജ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ അഞ്ച് കോടി ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ലൈംഗിക കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ശിവകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സൂരജിന്‌റെ പ്രതികരണം. 'ഈ ആരോപണങ്ങള്‍ ഞാന്‍ തീര്‍ത്തും തള്ളിക്കളയുന്നു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സത്യം പുറത്തുവരട്ടെ. രാജ്യത്തിന്‌റെ നിയമത്തില്‍ എനിക്ക് വിശ്വാസമുണ്ട്' സൂരജ് പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് സഹോദരന്‍ പ്രജ്വല്‍ രേവണ്ണയുടെ പീഡന വീഡിയ ക്ലിപ്പുകള്‍ പുറത്തായതിനു പിന്നാലെയുള്ള കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ സൂരജ് രേവണ്ണയുടെ പേരിലും പരാതി ഉയര്‍ന്നിരിക്കുന്നത്. ഹാസൻ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് തനിക്കെതിരായ കേസുകൾക്കാധാരമെന്ന് പ്രജ്വലും പറഞ്ഞിരുന്നു. മൂന്നു ലൈംഗികാതിക്രമ കേസുകളാണ് പ്രജ്വലിന്റെ പേരില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.