അതിക്രമിച്ചുകടന്നെന്ന് എഫ്ഐആര്‍; പശ്ചിമ ബംഗാളിൽ മർദനമേറ്റ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ്
തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ ഡി ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റ സംഭവത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ബംഗാള്‍ സര്‍ക്കാര്‍. ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതാണ് വിവാദത്തെ കടുപ്പിക്കുന്നത്.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന സംഭവത്തിൽ ആകെ മൂന്ന് എഫ് ഐ ആറുകളാണ് പോലീസെടുത്തിരിക്കുന്നത്. 'അതിക്രമിച്ചു കടക്കൽ' 'സ്ത്രീത്വത്തെ അപമാനിക്കുക എന്ന ഉദ്ദേശ്യം' എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ കേസ്. മറ്റു രണ്ട് എഫ് ഐ ആറുകൾ അഞ്ജാതർക്കെതിരെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തൃണമൂൽ നേതാവിന്റെ വീട്ടിലെ കാര്യസ്ഥൻ നൽകിയ പരാതി പ്രകാരമാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തതെന്നാണ് വിവരം
റേഷൻ വിതരണ അഴിമതി കേസിൽ വെള്ളിയാഴ്ച തൃണമൂലിന്റെ ജില്ലാ പരിഷദ് അംഗം ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയതായിരുന്നു ഇ ഡി ഉദ്യോഗസ്ഥർ. വീട്ടിലെ ഗേറ്റിന്റെ പൂട്ട് തകർത്ത് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കവെയായിരുന്നു പ്രവർത്തകരെന്ന് പറയപ്പെടുന്ന ഒരു വലിയ ആൾകൂട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവം വലിയ തോതിൽ ദേശീയ ശ്രദ്ധ നേടുകയും പശ്ചിമ ബംഗാൾ ഗവർണർ ആനന്ദബോസ് ആക്രമണത്തിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു.
തൃണമൂൽ നേതാവിന്റെ വീട്ടിലെ കാര്യസ്ഥൻ നൽകിയ പരാതി പ്രകാരമാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തതെന്നാണ് വിവരം. ഒരു ടിഎംസി നേതാവിന്റെ വസതിയിലേക്ക് വാറണ്ടൊന്നുമില്ലാതെ നിയമവിരുദ്ധമായി ഇഡി ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കടന്നുകയറാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മറ്റ് രണ്ട് എഫ് ഐ ആറിൽ ഒരെണ്ണം ഇ ഡിയുടെ പരാതിയിലും മറ്റൊന്ന് സ്വമേധയാ ഉള്ള കേസുമാണ്.
ഐപിസി സെക്ഷൻ 441 (ക്രിമിനൽ അതിക്രമം), 379 (മോഷണം നടത്താനുള്ള ഉദ്ദേശ്യം), 354 (സ്ത്രീത്വത്തെ അപമാനിക്കുക എന്നീ വകുപ്പുകളാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ രണ്ട് ഇഡി ഉദ്യോഗസ്ഥരായ അങ്കുർ ഗുപ്ത, സോമനാഥ് ദത്ത എന്നിവരെ കൊൽക്കത്തയിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തലയ്ക്ക് പരുക്കേറ്റ ഹൈ ഡിപൻഡൻസി യൂണിറ്റിൽ (എച്ച്‌ഡിയു) പ്രവേശിപ്പിച്ച മൂന്നാമത്തെ ഓഫീസർ രാജ്കുമാർ റാമിന്റെ ആരോഗ്യനിലയും തൃപ്തികരമാണ്.