പടക്കങ്ങൾ ട്രക്കിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറി; കർണാടകയിൽ 10 പേർക്ക് ദാരുണാന്ത്യം 

പടക്കങ്ങൾ ട്രക്കിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറി; കർണാടകയിൽ 10 പേർക്ക് ദാരുണാന്ത്യം 

കർണാടക- തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂറിനും അത്തിബലെക്കുമിടയിലാണ് സംഭവം
Updated on
1 min read

ദീപാവലിക്ക്  വില്പന നടത്താൻ കൊണ്ടുവന്ന പടക്കങ്ങൾ കൈകാര്യം ചെയ്യവേ പൊട്ടിത്തെറിച്ച് 10 പേർക്ക്  ദാരുണാന്ത്യം. കർണാടക- തമിഴ്‌നാട് അതിർത്തിയിലെ  ഹൊസൂറിനും അത്തിബലെക്കുമിടയിൽ ദേശീയപാതയോരത്ത്  സ്ഥിതിചെയ്യുന്ന  പടക്കക്കൾക്കുമുന്നിലാണ് അപകടമുണ്ടായത്.  

ഇവിടെ പടക്ക കട നടത്തുന്ന നവീൻ കണ്ടൈയ്നർ ലോറിയിൽ വന്ന പടക്കങ്ങൾ ഇറക്കവേയാണ് പൊട്ടിത്തെറിയുണ്ടായത്. തീപ്പൊരി കടയിലേക്ക്  വീണതോടെ ശേഖരിച്ചുവച്ച പടക്കങ്ങൾ കൂട്ടത്തോടെ പൊട്ടുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത കടകളിലേക്കും തീ വ്യാപിച്ചു. കണ്ടെയ്നർ ലോറിയും ഭാഗികമായി കത്തിനശിച്ചു.

സംഭവം നടക്കുമ്പോൾ  പടക്കക്കടകളിൽ ജീവനക്കാരും അല്ലാത്തവരുമായി ഇരുപത്തി മൂന്നോളം പേരുണ്ടായിരുന്നു. അഞ്ച് പേരെ  രക്ഷപ്പെടുത്താനായെന്ന് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. കടയുടെ അകത്തും ചേർന്നുള്ള ഗോഡൗണിലും ജോലി ചെയ്തിരുന്നവർ പുറത്തു കടക്കാനാവാതെ ദുരന്തത്തിനിരയായതായാണ് റിപ്പോർട്ട്. 

അഗ്നിശമനസേന മണിക്കൂറുകളോളം ശ്രമിച്ചാണ്  തീ നിയന്ത്രണ വിധേയമാക്കിയത്. തീ പൂർണമായും അണഞ്ഞാൽ മാത്രമേ പരിശോധന നടത്തി മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിടാനാകൂയെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നിലരുടെ ഗുരുതരമാണ്. 

പൊട്ടിത്തെറിയെത്തുടർന്ന് അന്തരീക്ഷത്തിൽ  കറുത്ത പുകച്ചുരുളുകൾ രൂപപ്പെട്ടതോടെ മണിക്കൂറുകളോളം  ബംഗളുരു - ചെന്നൈ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. 

ദീപാവലി ആഘോഷങ്ങൾക്കായി പടക്കങ്ങൾ വിൽത്താൻ നിരവധി  താത്കാലിക കടകളാണ് കർണാടക - തമിഴ്‌നാട് അതിർത്തി ഗ്രാമമങ്ങളിൽ പ്രവർത്തിക്കുന്നത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും അനുവദനീയമായതിലും അധികം പടക്കങ്ങൾ ശേഖരിക്കുന്നതും മൂലം അപകടങ്ങൾ ക്ഷണിച്ചുവരുത്തന്നത് പതിവാണ്.

logo
The Fourth
www.thefourthnews.in