ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സോണില്‍ തീപിടിത്തം; കുട്ടികളടക്കം 27 പേര്‍ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി
ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിമിങ് സോണില്‍ ഉണ്ടായ വൻ തീപിടിത്തത്തിൽ കുട്ടികളടക്കം 27 പേർ മരിച്ചതായി അധികൃതർ. പരുക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്കായി പ്രഥമ പരിഗണന നൽകണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വേനലവധിയും വാരാന്ത്യവുമായതിനാൽ കുട്ടികളടക്കം നിരവധി പേർ സംഭവസ്ഥലത്തുണ്ടായിരുന്നു. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ സ്വകാര്യ ഗെയിമിങ് സെന്ററിലാണ് ശനിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. 'രാജ്കോട്ടിലെ തീപിടുത്തത്തിൽ അങ്ങേയറ്റം വിഷമിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയും കൂടെയാണ് എന്റെ ചിന്തകൾ. പരുക്കേറ്റവർക്കുവേണ്ടിയുള്ള പ്രാർഥനകൾ, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ട്' എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ അടിയന്തര രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുനിസിപ്പൽ കോർപ്പറേഷനും ഭരണകൂടത്തിനും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
രക്ഷാപ്രവർത്തനം തുടരുകയാണെന്നും തീ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിയുന്നത്ര മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിൽ 20 ഓളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
തീപിടിത്തത്തിന് കാരണമെന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 'തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കാണാതായവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കാറ്റ് രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളി സൃഷ്ടിക്ക ന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.