പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്; നാല് സൈനികർ കൊല്ലപ്പെട്ടു

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം
Updated on
1 min read

പഞ്ചാബിലെ ബട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. വെടിവെയ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറും. മറ്റ് പരിക്കുകളോ നാശനഷ്ടങ്ങളോ സൈനിക കേന്ദ്രത്തിലുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവെയ്പ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍പഞ്ചാബ് പോലീസുമായി സൈന്യം അന്വേഷണം ഏകോപിപ്പിക്കും.

അതേസമയം, സൈനിക കേന്ദ്രത്തില്‍ ഉണ്ടായത് ഭീകരാക്രമണം അല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബട്ടിൻഡ സീനിയര്‍ പോലീസ് സുപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക കേന്ദ്രത്തില്‍ ചില ആഭ്യന്തര പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തില്‍ നിന്നും 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. ചില സൈനിക ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു വിലയിരുത്തല്‍. ഇതിന് ശേഷമാണ് ഇപ്പോള്‍ വെടിവയ്പ് ഉണ്ടായിരിക്കുന്നത്.

logo
The Fourth
www.thefourthnews.in