ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍; ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു
രാജ്യത്ത് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രാബല്യത്തില്‍. ഇതുപ്രകാരമുള്ള ആദ്യകേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കമല പോലീസാണ് ബിഎൻഎസ് 285-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫൂട് ഓവര്‍ബ്രിഡ്ജിനടിയില്‍ പൊതുജനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയതിനെതിരേയാണ് കേസ്.
ഇന്നലെ രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴിയോരക്കച്ചവടക്കാരനായ പങ്കജ് കുമാര്‍ വെള്ളക്കുപ്പികളും ഗുട്ഖയും റോഡില്‍ വില്‍ക്കുന്നത് തടഞ്ഞിരുന്നു. താല്‍ക്കാലിക സ്റ്റാള്‍ റോഡിനു തടസമായതിനാല്‍ അത് മാറ്റാന്‍ അദ്ദേഹത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇത് ചെയ്യാത്തതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
'ആരെങ്കിലും, എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ തന്റെ കൈവശമുള്ളതോ തന്റെ ചുമതലയിലുള്ള ഏതെങ്കിലും വസ്തു മൂലമോ ഏതെങ്കിലും വ്യക്തിക്ക് അപകടമോ തടസമോ പരിക്കോ ഉണ്ടാക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. 285-ാം വകുപ്പ് പ്രകാരം അയ്യായിരം രൂപ വരെ വരെയാണ് പിഴ.
2023 ഓഗസ്റ്റിലാണ് പഴയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം മൂന്ന് പുതിയ നിയമങ്ങളുടെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ കരട് ബില്ലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ സമര്‍പ്പിച്ചിരുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ക്രിമിനല്‍ നടപടി ചട്ടം(സിആർപിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇനി പ്രാബല്യത്തില്‍ ഉണ്ടാവുക.