കർണാടക ഗവർണറെ കയറ്റാതെ 
വിമാനം പറന്ന സംഭവം: എയർ ഏഷ്യ ജീവനക്കാരനെതിരെ നടപടി

കർണാടക ഗവർണറെ കയറ്റാതെ വിമാനം പറന്ന സംഭവം: എയർ ഏഷ്യ ജീവനക്കാരനെതിരെ നടപടി

ബെംഗളൂരു വിമാനത്താവളത്തിലെ എയർ ഏഷ്യ ജീവനക്കാരൻ സീക്കോ സോറസിനെതിരെയാണ് കമ്പനി നടപടി
Updated on
1 min read

കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുത്ത് എയർ ഏഷ്യ. ബംഗലുരു വിമാനത്താവളം ടെർമിനൽ 2 ലെ എയർ ഏഷ്യയുടെ സ്റ്റേഷൻ മാനേജർക്കെതിരെ ആണ് നടപടി. സ്റ്റേഷൻ മാനേജർ സീക്കോ സോറസിനെ ഒരു മാസത്തേക്ക് സസ്പെന്റ്‌ ചെയ്തതായി എയർ ഏഷ്യ അറിയിച്ചു.

കഴിഞ്ഞ 27 ആം തിയ്യതി ബെംഗളൂരുവിൽ നിന്നും ഹൈദ്രാബാദിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരനായി എത്തിയ കർണാടക ഗവർണറെ വൈകി എന്ന കാരണം ചൂണ്ടിക്കാട്ടി യാത്ര അനുമതി നിഷേധിച്ചിരുന്നു. ഉച്ചക്ക് 2:05 ന് പുറപ്പെടേണ്ട വിമാനത്തിൽ കയറാൻ 1:50 ന് ഗവർണർ വിവിഐപി ലോഞ്ചിൽ എത്തിയെന്നായിരുന്നു കർണാടക രാജ്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ ലഗേജുകൾ വിമാനത്തിൽ കയറ്റുകയും ഗവർണർ എത്തും മുൻപ് വിമാനത്തിന്റെ വാതിലുകൾ പറക്കലിന് മുന്നോടിയായി അടയുകയും ചെയ്തു. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക രാജ്ഭവൻ എയർ ഏഷ്യക്കും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും ബംഗളുരു പോലീസിനും പരാതി നൽകിയിരുന്നു.

സംഭവത്തിൽ എയർ ഏഷ്യ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സ്റ്റേഷൻ മാനേജർക്കെതിരെ നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു ജീവനക്കാർക്കെതിരെ കൂടി അച്ചടക്ക നടപടി ഉണ്ടാകുമെന്നുമാണ് എയർ ഏഷ്യ വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തെ കുറിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അന്വേഷണം നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in