ഡല്‍ഹിയിലെ ഐഎഎസ് അക്കാദമിയില്‍ മരിച്ചവരില്‍ മലയാളിയും; പ്രതിഷേധവുമായി വിദ്യാർഥികള്‍, സംഘർഷാവസ്ഥ

ഡല്‍ഹിയിലെ ഐഎഎസ് അക്കാദമിയില്‍ മരിച്ചവരില്‍ മലയാളിയും; പ്രതിഷേധവുമായി വിദ്യാർഥികള്‍, സംഘർഷാവസ്ഥ

റാവുസ് ഐഎഎസ് സ്റ്റഡി സർക്കിളില്‍ ഇന്നലെയാണ് സംഭവം
Updated on
1 min read

കനത്ത മഴയെത്തുടർന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദർ നഗറിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‍മെന്റില്‍ വെള്ളം കയറി മരിച്ച മുന്ന് വിദ്യാർഥികളില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീൻ ഡാല്‍വിനാണ് മരിച്ചത്. റാവുസ് ഐഎഎസ് സ്റ്റഡി സർക്കിളില്‍ ഇന്നലെയാണ് സംഭവം.

പരിശീലന കേന്ദ്രത്തില്‍ വിദ്യാർഥികളുടെ പ്രതിഷേധം നടക്കുകയാണ്. ഇന്നലെ രാത്രി തന്നെ വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തില്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.

നാല് മണിക്കൂറിലധികം വിദ്യാർഥികള്‍ ബേസ്‌മെന്റില്‍ കുടുങ്ങിക്കിടന്നതായാണ് റിപ്പോർട്ടുകള്‍. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് വിവരം. 14 വിദ്യാർഥികളെ രക്ഷപ്പെടുത്തി. മുപ്പതോളം വിദ്യാർഥികളായിരുന്നു കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. മറ്റ് വിദ്യാർഥികള്‍ക്ക് തനിയെ രക്ഷപ്പെടാൻ കഴിഞ്ഞിരുന്നതായാണ് ഔദ്യോഗിക വിവരം.

പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റ് മുഴുവനായും വെള്ളത്തില്‍ മുങ്ങുകയായിരുന്നു. രാത്രി ഏഴ് മണിക്ക് ശേഷമാണ് അഗ്നിശമനസേനയ്ക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി അഞ്ച് സംഘമായിരുന്നു എത്തിയത്. ദൗത്യം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്താനായി. പിന്നീട് വൈകിയാണ് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തത്.

ഡല്‍ഹിയിലെ ഐഎഎസ് അക്കാദമിയില്‍ മരിച്ചവരില്‍ മലയാളിയും; പ്രതിഷേധവുമായി വിദ്യാർഥികള്‍, സംഘർഷാവസ്ഥ
രാജ്യം കൂടുതല്‍ ഉദാരവത്കരണത്തിലേക്കോ?; അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് അനുകൂലമായ നയങ്ങൾ വേണമെന്ന് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി

മറ്റ് നിയമനടപടികള്‍ക്കായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് അയച്ചതായി സെൻട്രല്‍ ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് എം ഹർഷവർധൻ പറഞ്ഞു. ഡല്‍ഹി മുൻസിപ്പല്‍ കോർപറേഷനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. മഴ ആരംഭിച്ചുകഴിഞ്ഞാല്‍ പത്ത് മിനുറ്റിനുള്ളില്‍ തന്നെ ബേസ്‍മെന്റില്‍ വെള്ളം കയറുമെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. പരിശീലനകേന്ദ്രത്തിന്റെ ലൈബ്രറിയുടെ 80 ശതമാനത്തോളം ബേസ്‍മെന്റിലാണെന്നും ഇതിനെതിരെ ഒരു നടപടിയും കോർപറേഷൻ സ്വീകരിച്ചിട്ടില്ലെന്നും വിദ്യാർഥികള്‍ കുറ്റപ്പെടുത്തുന്നു.

സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസെടുക്കുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിസിപി വ്യക്തമാക്കി.

അതേസമയം, ഡല്‍ഹി ബിജെപി തലവൻ എഎപി സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തി. എഎപിയുടെ അഴിമതിയാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ദുരന്തത്തിന് കാരണമായവരെ വെറുതെ വിടില്ലെന്ന് എഎപി മന്ത്രി അതിഷി അറിയിച്ചു.

logo
The Fourth
www.thefourthnews.in