ജനകീയ പ്രശ്നങ്ങള്‍ പിന്നെ; ആദ്യം ലവ് ജിഹാദിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന്
 ബിജെപി എം പി

ജനകീയ പ്രശ്നങ്ങള്‍ പിന്നെ; ആദ്യം ലവ് ജിഹാദിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ബിജെപി എം പി

കുട്ടികളുടെ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ ലവ് ജിഹാദിനെ കുറിച്ച് നിരന്തരം സംസാരിക്കണമെന്നും എം പി നളിൻ കുമാർ കാട്ടീല്‍
Updated on
1 min read

ജനകീയ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി ലവ് ജിഹാദിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കർണാടക ബിജെപി എം പി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മംഗളൂരുവിൽ സംഘടിപ്പിച്ച പാർട്ടി പ്രവർത്തകരുടെ യോഗത്തിലാണ് എം പി നളിൻ കുമാർ കാട്ടീലിന്റെ നിർദേശം. 'നിങ്ങളുടെ കുട്ടികളുടെ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ ലവ് ജിഹാദിനെ കുറിച്ച് നിരന്തരം സംസാരിക്കുക, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിജെപിക്ക് മാത്രമേ ലവ് ജിഹാദിന് അറുതി വരുത്താനാകൂ. ജനങ്ങളെ ബാധിക്കുന്ന മലിനജലവും റോഡിന്റെ ശോച്യാവസ്ഥയും അല്ല സംസാരിക്കേണ്ടത് 'കാട്ടീൽ പ്രവർത്തകരോട് നിർദേശിച്ചു.

കർണാടകയിൽ വരുന്ന ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി എം പി യുടെ ആഹ്വാനം. കർണാടകയിൽ തുടർ ഭരണം ലക്ഷ്യമിട്ട് ബിജെപി ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി. കർണാടകയിൽ ലവ് ജിഹാദ് ആരോപണത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ദക്ഷിണ കന്നഡ ജില്ലയില്‍ നടന്ന പരിപാടിയിലായിരുന്നു കാട്ടീലിന്റെ വിവാദ പരാമർശം. കേരളത്തിലെയും കർണാടകയിലെയും അമുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണത്തിന്റെ ചുവടു പിടിച്ചായിരുന്നു 'ലവ് ജിഹാദ് ' എന്ന പ്രയോഗം സജീവമായത്

ലവ് ജിഹാദിനെ ബിജെപിയും സംഘ് പരിവാറും പലപ്പോഴും സാമൂഹ്യമായും രാഷ്ട്രീയമായും ഉയർത്തിക്കൊണ്ട് വരികയും വർഗീയ ചേരിതിരിവിനിടയാക്കുന്ന തരത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിലെ ആഭ്യന്തര വകുപ്പും കേന്ദ്ര ആഭ്യന്തരവകുപ്പും ഹൈക്കോടതി നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ എവിടെയും ലവ് ജിഹാദ് ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ലവ് ജിഹാദിന് സ്ഥിരീകരണം നൽകാൻ ഒരു കേന്ദ്ര ഏജൻസികൾക്കും ഇതുവരെ സാധിച്ചിട്ടുമില്ല. ലവ് ജിഹാദ് തടയാൻ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കർണാടക സർക്കാർ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും, മംഗളൂരു പോലെ ഇരുവിഭാഗങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള മേഖലകളിലും വിഷയം കത്തിച്ചു നിർത്താൻ തന്നെയാണ് ബിജെപി ശ്രമിക്കുക എന്നതിന്റെ സൂചനയാണ് കാട്ടീലിന്റെ ആഹ്വാനം.

logo
The Fourth
www.thefourthnews.in