ആംആദ്മി-ബിജെപി അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്; ഡല്‍ഹി കോർപറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി
ആംആദ്മി-ബിജെപി കയ്യാങ്കളിയെ തുടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആറംഗ സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് റദ്ദാക്കി. തിങ്കളാഴ്ച്ച വീണ്ടും സ്റ്റാന്‍ഡിങ് കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മേയര്‍ ഷെല്ലി ഒബ്‌റോയ് അറിയിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിനിടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു എന്ന് ആരോപിച്ച് സിവിക് സെന്ററിന് മുന്നില്‍ ബിജെപി പ്രതിഷേധം തുടരുകയാണ്.
മേയര്‍ ഒരു വോട്ട് അസാധുവായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കൗണ്‍സില്‍ ഹാളില്‍ ബിജെപി-ആംആദ്മി പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വോട്ട് അസാധുവാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മേയര്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യമുയര്‍ത്തി സഭയില്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ മേയര്‍ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ നിർദേശിച്ചു. പിന്നീട് വോട്ടെണ്ണല്‍ വീണ്ടും നടത്താന്‍ സാധിക്കില്ലെന്ന് മേയർ പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. ആംആദ്മി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയിലേക്ക് കടന്നു. സംഘര്‍ഷത്തിനിടെ എഎപി കൗണ്‍സിലര്‍ അശോക് കുമാര്‍ മാനു കുഴഞ്ഞുവീണു. മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതായി എഎപി എംഎല്‍എ സൗരഭ് ഭരതരജ് ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പിനെ ചൊല്ലി കഴിഞ്ഞ ദിവസവും സഭയില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു
നഗരസഭയിലെ ആറംഗ സ്റ്റാന്‍ഡിങ് കമ്മറ്റി തിരഞ്ഞെടുപ്പ് നടപടികള്‍ തുടരുന്നതിനായാണ് ഇന്ന് യോഗം ചേര്‍ന്നത്. 250 കൗണ്‍സിലര്‍മാരില്‍ 242 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എട്ട് പേര്‍ വിട്ടു നില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനെ ചൊല്ലി കഴിഞ്ഞ ദിവസവും സഭയില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. വോട്ടെടുപ്പിനിടെ ചില അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ കൈവശം വച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് ഇന്നലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കയ്യാങ്കളിയെയും വാക്കേറ്റത്തെയും തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ പല തവണ നിര്‍ത്തിവച്ചു. പുലര്‍ച്ചെ കൗണ്‍സില്‍ യോഗം നടത്താല്‍ ശ്രമിച്ചെങ്കിലും ബഹളം മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു.