രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് വഴങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; റിമോട്ട് വോട്ടിങ് പദ്ധതി തൽക്കാലമില്ല

രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് വഴങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ; റിമോട്ട് വോട്ടിങ് പദ്ധതി തൽക്കാലമില്ല

റിമോട്ട് വോട്ടിങ് മെഷിനുകളെക്കുറിച്ചുള്ള ചർച്ചയ്ക്കും പ്രദർശനത്തിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ജനുവരി 16ന് രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചിരുന്നു
Updated on
2 min read

റിമോട്ട് വോട്ടിങ് മെഷിനുകൾ (ആർവിഎം) നടപ്പാക്കാനുള്ള നീക്കം തൽക്കാലം വേണ്ടെന്നുവച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും എതിർപ്പുയർത്തിയ സാഹചര്യത്തിലാണ് കമ്മിഷൻ നീക്കം. വീടുകളിൽനിന്നോ മണ്ഡലത്തിൽനിന്നു തന്നെയോ മാറിനിൽക്കുന്നവർരെ വോട്ട് രേഖപ്പെടുത്താൻ സഹായിക്കുന്ന പദ്ധതിയാണിത്.

ഡിസംബറിൽ കമ്മിഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ മിക്ക പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രജിസ്റ്റർ ചെയ്ത 30 കോടിയോളം വോട്ടർമാർ വോട്ട് ചെയ്യാതിരിക്കാൻ തീരുമാനിച്ചതിനു പിന്നിലുളള പ്രശ്നങ്ങൾ പരിഹരിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ആർവിഎം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശങ്ങളടങ്ങിയ കുറിപ്പ് വിതരണം ചെയ്തിരുന്നു. ഫെബ്രുവരി 28 വരെ അഭിപ്രായം തേടുകയും ചെയ്തു.

60 ദേശീയ-സംസ്ഥാന അംഗീകൃത പാർട്ടികളിൽനിന്ന് അഭിപ്രായം തേടിയെങ്കിലും വളരെ കുറച്ചുപേരിൽ നിന്നുമാത്രമാണ് പ്രതികരണങ്ങൾ ലഭിച്ചത്. മാർച്ച് 29ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ‌ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പിൽ നിന്നു വിട്ടുനിൽക്കുന്ന വോട്ടർമാരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് കൂടുതൽ സമയം ആവശ്യമായി വരും. ആ സമയം വരെ എല്ലാവരേയും പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) രണ്ട് നിർമാതാക്കളിൽ ഒരാളായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രൂപകൽപ്പന ചെയ്ത പ്രോട്ടോടൈപ്പ് ആർവിഎം പ്രദർശനത്തിന് തയ്യാറാണെന്ന് ഡിസംബറിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. റിമോട്ട് വോട്ടിങ് മെഷിനുകളെക്കുറിച്ചുള്ള ചർച്ചയ്ക്കും പ്രദർശനത്തിനുമായി ജനുവരി 16ന് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചു. എന്നാൽ മിക്ക പാർട്ടികളും ഈ ആശയത്തെ എതിർത്തതിനാൽ അന്ന് പ്രദർശനം നടന്നിരുന്നില്ല.

എന്നാൽ, ജനുവരി 16ന് നടന്ന യോ​ഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാന ചോദ്യങ്ങൾക്ക് പോലും തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ലെന്നാണ് യോ​ഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെട്ട ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പറഞ്ഞത്. ”ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുകയും ആ സംസ്ഥാനത്തെ വോട്ടർമാർ മറ്റൊരു സംസ്ഥാനത്ത് താമസിച്ച് വരികയും ചെയ്താൽ, എത്ര ബൂത്തുകൾ സ്ഥാപിക്കും? ആ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും അവിടെ തിര‍ഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാകുമോ? ” ഈ ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി തരാനായി സാധിച്ചില്ലെന്നായിരുന്നു സഞ്ജയ് സിങ് പറഞ്ഞത്.

രാജ്യത്ത് കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു സർവേയും ഇതുവരെയും നടക്കാത്തതിനാൽ അവരെ എങ്ങനെ കണ്ടെത്തുമെന്ന് യോഗത്തിനുശേഷം സംസാരിച്ച കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ചോദ്യമുയർത്തിയിരുന്നു.

ഒരു തിരഞ്ഞെടുപ്പിലും ആർവിഎം ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടില്ലെന്നായിരുന്നു ഫെബ്രുവരി മൂന്നിന് ലോക്‌സഭയിൽ ഉയർന്ന് ചോദ്യത്തിന് നിയമ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ആർവിഎം അവതരിപ്പിക്കുന്നതിലൂടെ വ്യാജ വോട്ടുകൾ വർധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റ നിലപാട്. ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പ് ആർവിഎം സാങ്കേതിക വിദഗ്ധ സമിതിയുടെ മാർഗനിർദേശപ്രകാരം നിലവിലുള്ള ഇവിഎമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നിയമമന്ത്രി കിരൺ റിജിജു രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നതനുസരിച്ച് റിമോട്ട് വോട്ടിങ് മെഷീന് ഒരേസമയം 72 മണ്ഡലങ്ങളുടെ ഡേറ്റ കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ, സ്വന്തം മണ്ഡലങ്ങൾക്ക് പുറത്തുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിനും സാധിക്കും.

logo
The Fourth
www.thefourthnews.in