ദാവൂദ് ഇബ്രാഹിം
ദാവൂദ് ഇബ്രാഹിം

ദാവൂദ് ഇബ്രാഹിമിനെ പൂട്ടാന്‍ പാരിതോഷികം; 25 ലക്ഷം രൂപ പ്രഖ്യാപിച്ച് എന്‍ ഐ എ

ദാവൂദിന്‍റെ വലംകൈ ആയ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പാരിതോഷികം
Updated on
1 min read

അധോലോക നായകനും 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദിന്‍റെ അടുത്ത അനുയായി ആയ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും.

ദാവൂദിന്‍റെ സംഘത്തില്‍പ്പെട്ട അനീസ് ഇബ്രാഹിം, ജാവേദ് പട്ടേല്‍ , ഇബ്രാഹിം മുഷ്താഖ് , അബ്ദുള്‍ റസ്സാക്ക് മേമന്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം ഇവരുടെയെല്ലാം ഫോട്ടോ എന്‍ ഐ എ പുറത്തുവിട്ടുകഴിഞ്ഞു. ഇവര്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. നിലവില്‍ പാകിസ്താനിലും ദുബായിലും ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1993 ലെ മുംബൈ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ദാവൂദ് ഇബ്രാഹിമും, യു എന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരും അയല്‍ രാജ്യങ്ങളില്‍ സുരക്ഷിതമായ ജീവിതം നയിക്കുകയാണെന്ന് ഇന്ത്യ കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയെ അറിയിച്ചിരുന്നു. ഫെബ്രുവരിയിലാണ് ദാവൂദിനെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മ്മാണം,ആയുധക്കള്ളക്കടത്ത്, അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ദാവൂദും കൂട്ടാളികളും ഏര്‍പ്പെടുന്നുണ്ടെന്ന് കാണിച്ചായിരുന്നു എന്‍ ഐ എ, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

logo
The Fourth
www.thefourthnews.in