വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായുള്ള കൂടികാഴ്ച
വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായുള്ള കൂടികാഴ്ച

എണ്ണവില നട്ടെല്ലൊടിക്കുന്നു; യുഎസിനോട് ആശങ്കയറിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

ഇന്ത്യക്കാര്‍ക്കുള്ള വിസയുമായി ബന്ധപ്പെട്ട വെല്ലുവിളികളും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി ചര്‍ച്ച ചെയ്തു.
Published on

ആഗോള വിപണിയിലെ ക്രൂഡോയില്‍ ലഭ്യതയിലും, വില വര്‍ധനയിലും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിലാണ് വിദേശകാര്യമന്ത്രി ഇന്ത്യന്‍ ആശങ്കകള്‍ പങ്കുവച്ചത്. റഷ്യയുടെ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം തടയാന്‍ വില പരിധി നിശ്ചയിക്കാനുള്ള ജി 7 രാഷ്ട്രങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യയുടേത് 2000 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള സമ്പദ് വ്യവസ്ഥയാണ്, ക്രമാതീതമായി ഉയരുന്ന എണ്ണവില രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഇന്ത്യക്കാര്‍ക്കുള്ള വിസയുമായി ബന്ധപ്പെട്ട വെല്ലുവിളികളും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

എണ്ണ വില്‍പ്പനയില്‍ നിന്നുള്ള റഷ്യയുടെ വരുമാനം പരിമിതപ്പെടുത്തുക എന്ന ആശയത്തോടെയാണ് ജി7 എണ്ണ വിലയ്ക്ക് പരിധി നിര്‍ദ്ദേശിച്ചത്. ആഗോളവിപണിയില്‍ റഷ്യന്‍ എണ്ണവില ലഭ്യമാകുന്നതിനെ ചെറുക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഇതൊരു തര്‍ക്കവിഷയമാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, വില പരിധി എവിടെ നിശ്ചയിക്കണമെന്നത് വലിയ ആശങ്കയാണ്. യുക്രെയ്ന്‍ അധിനിവേശത്തിനും തുടര്‍ന്നുണ്ടായ റഷ്യയ്ക്കെതിരായ ഉപരോധത്തിനും ശേഷം, മോസ്‌കോ വാഗ്ദാനം ചെയ്ത വലിയ കിഴിവുകളോടെ ചൈനയ്ക്ക് ശേഷം ഏറ്റവും അധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് മാസമായി ഊര്‍ജ വിപണി വലിയ സമ്മര്‍ദത്തിലാണെന്നും, വര്‍ദ്ധിച്ചുവരുന്ന വിലയുടെ കാര്യത്തിലും ലഭ്യതയുടെ കാര്യത്തിലും ആഗോള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പരിമിതമായ ഊര്‍ജ്ജത്തിനായി മത്സരിക്കുന്നത് ബുദ്ധിമുട്ടാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിസന്ധിയാണ് വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയ്ക്ക് നല്‍കിയ മറുപടി. ആശങ്കകള്‍ പരിഹരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ജയശങ്കറിന് ഉറപ്പുനല്‍കി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം നിലവിൽ ഇന്ത്യക്കാർക്ക് യുഎസിലേക്കുള്ള സന്ദർശക വിസയ്‌ക്കായി 800 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. വിദ്യാർത്ഥികൾക്കും എക്‌സ്‌ചേഞ്ച് വിസിറ്റർ വിസകൾക്കും, മറ്റ് നോൺ ഇമിഗ്രന്റ്‌റ് വിസകൾക്കുമായി ഏകദേശം 400 ദിവസം വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്.

സ്റ്റുഡന്റ് / എക്സ്ചേഞ്ച് വിസിറ്റര്‍ വിസകള്‍ക്കും മറ്റ് നോണ്‍-ഇമിഗ്രന്റ് വിസകള്‍ക്കുമായി ഏകദേശം 400 ദിവസമാണ് കാത്തിരിപ്പ് കാലാവധി. 2021 ലെ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് പ്രകാരം 2020-2021 അധ്യയന വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 167,582 വിദ്യാര്‍ത്ഥികളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 20 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.

ബ്ലിങ്കന്‍ ഉള്‍പ്പെടെ നിരവധി മന്ത്രിമാരുമായി ഉഭയകക്ഷി കൂടിയാലോചനകള്‍ക്കായാണ് എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം.

logo
The Fourth
www.thefourthnews.in